ഇവര്‍ സിപിഎമ്മിന്റെ 'നവോത്ഥാന നായകര്‍'

Monday 3 December 2018 7:30 am IST
സിപിഎം വേദികളിലെ സ്ഥിരസാന്നിധ്യമായ സുനില്‍ പി. ഇളയിടം, ദീപാ നിശാന്ത്, എം.ജെ. ശ്രീചിത്രന്‍ എന്നിവരാണ് മോഷണം കൈയോടെ പിടിക്കപ്പെട്ട് ഇപ്പോള്‍ അപഹാസ്യരായിരിക്കുന്നത്. സിപിഎം ആഘോഷിച്ചിരുന്ന ചുംബന സമര ദമ്പതികളായ രാഹുല്‍ പശുപാലനും രശ്മിയും രണ്ട് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായിരുന്നു.

ന്യൂദല്‍ഹി: സിപിഎമ്മിന്റെ നവോത്ഥാന നായകരില്‍ പെണ്‍വാണിഭക്കേസ് പ്രതി മുതല്‍ സാഹിത്യ മോഷ്ടാക്കള്‍ വരെയുള്ളവര്‍. ശബരിമലയില്‍ ആചാരലംഘനം നടത്തി 'നവോത്ഥാന'ത്തിനൊരുങ്ങുന്ന ഇടത് സര്‍ക്കാരിന്റെ വക്താക്കളായ സാംസ്‌കാരിക നായകരുടെ സാഹിത്യ മോഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

സിപിഎം വേദികളിലെ സ്ഥിരസാന്നിധ്യമായ സുനില്‍ പി.ഇളയിടം, ദീപാ നിശാന്ത്, എം.ജെ. ശ്രീചിത്രന്‍ എന്നിവരാണ് മോഷണം കൈയോടെ പിടിക്കപ്പെട്ട് ഇപ്പോള്‍ അപഹാസ്യരായിരിക്കുന്നത്. സിപിഎം ആഘോഷിച്ചിരുന്ന ചുംബന സമരദമ്പതികളായ രാഹുല്‍ പശുപാലനും രശ്മിയും രണ്ട് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായിരുന്നു. 

യുവകവിയായ കലേഷിന്റെ രചന മോഷ്ടിച്ച് പ്രണയലേഖനമാക്കി ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ സിപിഎം അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. രൂക്ഷ വിമര്‍ശനവും പരിഹാസവുമുയര്‍ന്നതോടെ രണ്ട് പേര്‍ക്കും മാപ്പ് പറയേണ്ടി വന്നു. ശ്രീചിത്രന്‍ സ്ഥിരം മോഷ്ടാവാണെന്ന് വെളിപ്പെടുത്തി നിരവധിയാളുകള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുനില്‍ പി ഇളയിടത്തിന്റെ 'അനുഭൂതികളുടെ ചരിത്ര ജീവിതം' എന്ന പുസ്തകം കോപ്പിയടിയാണെന്ന് വെളിപ്പെട്ടത്. സുനിത ദേവദാസ് എന്ന സിപിഎം മാധ്യമപ്രവര്‍ത്തക മറ്റൊരാളുടെ അഭിമുഖം സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതും പുറത്തുവന്നു. 

ശബരിമല വിവാദത്തോടെയാണ് ശ്രീചിത്രന്‍ സിപിഎമ്മിന്റെ സാംസ്‌കാരിക നായകരുടെ മുന്‍നിരയിലേക്കെത്തിപ്പെട്ടത്. നവോത്ഥാനമെന്ന പേരില്‍ ഇടതുപക്ഷം അയ്യപ്പ ഭക്തര്‍ക്കെതിരെ നടത്തുന്ന വിഷപ്രചാരണങ്ങളുടെ നാവായി പ്രവര്‍ത്തിക്കുകയാണ് ശ്രീചിത്രന്‍. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പരിപാടികളുടെ മുഖ്യാതിഥിയായ ദീപ അനധികൃതമായാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ജോലി നേടിയത്. 

പാലക്കാട് വിക്ടോറിയ കോളേജ് പ്രിസന്‍സിപ്പലിന് കുഴിമാടമൊരുക്കിയ എസ്എഫ്‌ഐ നടപടിയെ അധ്യാപികയായ ദീപ ന്യായീകരിച്ചിരുന്നു. വിദ്യാര്‍ഥികളോട് വിവേചനപരമായാണ് പെരുമാറുന്നതും. എംഎല്‍എ ഹോസ്റ്റലില്‍വച്ച് വനിതാ നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍, ദീപയുടെ അനുയായിയാണ്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാനുള്ള കഴിവാണ് സുനില്‍ പി.ഇളയിടത്തെ സിപിഎമ്മിന് പ്രിയങ്കരനാക്കിയത്. 

പെണ്‍വാണിഭക്കേസില്‍ ജയിലില്‍ കിടന്നെങ്കിലും രശ്മി ഇപ്പോഴും സിപിഎം സൈബര്‍ പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവെന്ന ഗുരുതര കുറ്റമാണ് രശ്മിക്കും പശുപാലനുമെതിരെയുള്ളത്. എന്നാല്‍ ഇവര്‍ക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ സിപിഎം നല്‍കുന്നത്. അടുത്തിടെ 'മീ ടൂ' വെളിപ്പെടുത്തലുകള്‍ ഏറെയുണ്ടായതും സിപിഎം സഹയാത്രികര്‍ക്കെതിരെയാണ്. 'ഫാസിസ്റ്റ് വിരുദ്ധ പോരാൡ'യായി സിപിഎം ചുമന്നുനടക്കുന്ന അലന്‍സിയര്‍ക്കെതിരെയാണ് ഏറ്റവുമധികം പരാതി ഉയര്‍ന്നത്. 

എംഎല്‍എ മുകേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അര്‍ഷാദ് ബത്തേരി, സ്വാമി സംവിദാനന്ദ്, രൂപേഷ് പോള്‍ തുടങ്ങി ഇടത് രാഷ്ട്രീയത്തിന്റെ വക്താക്കളായി വിലസി നടന്ന നിരവധിയാളുകള്‍ക്കെതിരെയാണ് പീഡന പരാതികള്‍ ഉന്നയിക്കപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.