മറക്കരുത് ചിത്രലേഖയെ...

Monday 3 December 2018 7:31 am IST

കണ്ണൂര്‍: സംഘപരിവാരിനെ തോല്‍പ്പിക്കാന്‍ വനിതാ മതില്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ മറക്കരുത് ചിത്രലേഖയെ, സിപിഎം ക്രൂരതയുടെ ജീവിക്കുന്ന ഇരയായ കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയെ...

കീഴ്ജാതിയില്‍ സ്ത്രീയായി ജനിച്ചുപോയതുകൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന സ്ത്രീയാണ് ചിത്രലേഖ. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടക്കാന്‍ ചിത്രലേഖ തയാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയ്ക്ക് ഭൂരിപക്ഷമുളള പയ്യന്നൂര്‍ എടാട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു.  മൂന്നു മാസത്തോളം ഓട്ടോ സ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിച്ചു. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി. ചിത്രലേഖ പോലീസില്‍ പരാതി നല്‍കി. ചിത്രലേഖയുടെ ഓട്ടോ തീവെച്ചു നശിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതികാരം. ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ആ കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു സിപിഎം.

ചിത്രലേഖയുടെ സ്ത്രീത്വത്തെ പോലും അപമാനിച്ചു. അവര്‍ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്തു. ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചു. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും അവിടെ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ സിപിഎം സംഘം നിരന്തരം പീഡിപ്പിച്ചു. ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ തിരിച്ചെടുത്തു കൊണ്ട് റവന്യൂവകുപ്പ് ഉത്തരവിറക്കി. 

സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധതയുടെ ഇത്തരം പച്ചയായ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് നവോത്ഥാനമെന്ന കപട മുഖംമൂടിയണിഞ്ഞ് വനിതാമതില്‍ കെട്ടാനൊരുങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.