ഭുവനേശ്വര്‍: വമ്പന്മാരായ ബെല്‍ജിയത്തെ പിടിച്ചുകെട്ടി ഇന്ത്യ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലല് സാധ്യത നിലനിര്‍ത്തി. മിന്നുന്നപ്രകടനം കണ്ട പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. ഈ സമനിലയോടെ നാലു പോയിന്റുമായി ഇന്ത്യ പൂള് സി യില്‍ മുന്നിട്ടുനില്‍ക്കുകയാണ്. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ആദ്യ പകുതിയില്‍ ബെല്‍ജിയവും രണ്ടാം പകുതിയില്‍ ഇന്ത്യയും ഉശിരന്‍ പോരാട്ടം കാഴ്ചവെച്ചു.
തുടക്കത്തില്‍ ബെല്‍ജിയമാണ് തകര്‍ത്തുകളിച്ചത്. അവരുടെ വേഗമാര്‍ന്ന നീക്കങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധം പലപ്പോഴും സമ്മര്‍ദത്തിലായി. എട്ടാം മിനിറ്റില്‍ അവര്‍ ഗോളും നേടി. അലക്സാണ്ടര്‍ ഹെന്ഡ്രിക്കാണ് സ്കോര്‍ ചെയ്തത്.
പെനാല്‍റ്റി കോര്‍ണറിനെ തുടര്‍ന്ന് പന്ത് ലഭിച്ച അല്സാണ്ടര്‍ വേഗത്തില്‍ അത് ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
രണ്ടാം ക്വാര്‍ട്ടറില്‍ മന്ദീപ് സിങ്ങിന് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. പക്ഷെ ബല്‍ജിയം കീപ്പര്‍ അയാസപ്പെട്ട് അപകടം ഒഴിവാക്കി.
ഗോള്‍ നേടാനായി ഇന്ത്യന്‍ പ്രതിരോധനിരക്കാര്‍ ബെല്‍ജിയം ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ശക്തമായി ബെല്‍ജിയം പ്രതിരോധനിര ഇന്ത്യന്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനായി ഇന്ത്യ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ഒന്നാം പകുതിയില്‍ ബെല്‍ജിയം 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ കളി മാറി. ഇന്ത്യ മികവാര്‍ന്ന നീക്കങ്ങളില്‍ ഇന്ത്യ മേല്‍ക്കൈ നേടി. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഗോള്‍ മടക്കി. പെനാല്‍റ്റി സ്ട്രോക്ക് ഗോളാക്കി ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ ബെല്‍ജിയത്തിനൊപ്പം എത്തിച്ചത്്.
അവസാന ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് നേടി. സിംരഞ്ജിത്ത്് സിങ്ങാണ് ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് കോതജിത്ത് സിങ് ബെല്‍ജിയം പ്രതിരോധനിരക്കാരെ മറികടന്ന് പന്ത് സിംരഞ്ജിത്തിന് പാസ് ചെയ്തു. പിഴയ്ക്കാത്ത ഷോട്ടില്‍ സിംരഞ്ജിത്ത് ലക്ഷ്യം കണ്ടു.
തുടര്‍ന്ന് പോരാട്ടം മുറുക്കിയ ബെല്‍ജിയം 56-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. സൈമണ്‍ ഗോങ്നാര്ഡാണ് സമനില ഗോള്‍ കുറിച്ചത്്.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കാനഡയുമായി സമിനല പിടിച്ചു. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ നോബിള്‍ നൂലിയുടെ ഗോളില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.
ഗോളാരാവം അവസാനിക്കുമുമ്പ് കാനഡ ഗോള്‍ മടക്കി. കാനഡയുടെ ക്യാപ്റ്റന്‍ സ്കോട്ട് ടുപ്പറാണ് സ്കോര്‍ ചെയ്തത്.
ആദ്യ മത്സരങ്ങളില്‍ തോറ്റ കാനഡയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോ പോയിന്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: