മതിലില്‍ ഈ വനിതകളും ഉണ്ടാകുമോ?

Monday 3 December 2018 6:34 am IST

കൊച്ചി: കേരളത്തെ നവോത്ഥാനത്തിലേക്കു നയിക്കാന്‍ സിപിഎമ്മും പണിയുന്ന വനിതാ മതിലില്‍ പാര്‍ട്ടി ആക്ഷേപിച്ച, അപമാനിച്ച, ആക്രമിച്ച വനിതകളേയും ഉള്‍പ്പെടുത്തുമോ, അവരും ചേരുമോ, ഇല്ലെങ്കില്‍ നവോത്ഥാനം പൂര്‍ണമാകുമോ?

പ്രായം തൊണ്ണൂറു കഴിഞ്ഞ കെ.ആര്‍. ഗൗരി മുതല്‍ സിപിഎം ബ്രാഞ്ചു സെക്രട്ടറിയുടെ ചവിട്ടില്‍ കൊല്ലപ്പെട്ട ഗര്‍ഭസ്ഥശിശുവരെയുണ്ട് ആ പാര്‍ട്ടിയുടെ ക്രൂരതയ്ക്കിരയായവര്‍. അവര്‍ക്കൊക്കെ മതിലില്‍ എവിടെയെങ്കിലും ഇടം കൊടുക്കുമോ? സിപിഎമ്മിന്റെ പാതകങ്ങള്‍ക്കിരയായ സ്ത്രീകള്‍ ഏറെയാണ്. പതിനായിരങ്ങളിലെ ചില പ്രതീകങ്ങളിവരാണ്:

- മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞ് പാര്‍ട്ടി കബളിപ്പിച്ച, പാര്‍ട്ടി പുറത്താക്കിയ, കെ.ആര്‍. ഗൗരി. 

- ഒറ്റ വോട്ടിനു തോല്‍പിച്ച് എംഎല്‍എ പോലുമല്ലാതിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പരാജയപ്പെട്ടുപോയ സുശീല ഗോപാലന്‍. 

- ഉൗരുവിലക്കി, പാര്‍ട്ടി കൊല്ലാക്കൊല ചെയ്ത, കോഴിക്കോട് കുറ്റ്യാടിയിലെ വിനീത കോട്ടായി.

- പാര്‍ട്ടി ഉപരോധം കൊണ്ട് ജീവിതം വഴിമുട്ടിയ ദളിത് വനിത, ഓട്ടോ ഡ്രൈവര്‍ പയ്യന്നൂരിലെ ചിത്രലേഖ.

- അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയതിനാല്‍ പാര്‍ട്ടി ഉപരോധിച്ച, കല്യാശേരിയിലെ ഡോ. നീത നമ്പ്യാര്‍.

- കണ്ണൂര്‍ കുട്ടിമാക്കൂലില്‍, പാര്‍ട്ടി നേതാക്കളുടെ പരസ്യ അപമാനത്താല്‍ ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവതി അഞ്ജന.

- കോഴിക്കോട് താമരശേരിയില്‍ വേളംകോട്ട്, പാര്‍ട്ടിയുടെ കോടഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട ജ്യോത്സ്‌ന.

- എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ വിഷ്ണു പ്രണോയിയുടെ മരണത്തിന് നീതി തേടിയെത്തി, തലസ്ഥാനത്ത് ഡിജിപി ഓഫീസിനു മുന്നില്‍ പോലീസ് വലിച്ചിഴച്ച മഹിജ.

- പാലക്കാട് വിക്‌ടോറിയ കോളേജില്‍ വിരമിക്കല്‍ ദിവസം കുഴിമാടം തീര്‍ത്ത് പാര്‍ട്ടി അപമാനിച്ച് ഭയപ്പെടുത്തിയ പ്രിന്‍സിപ്പലും പിന്നാക്ക വിഭാഗക്കാരിയുമായ ഡോ. എന്‍. സരസു.

- കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി കസേര കത്തിച്ച് ചിതയാളിച്ച എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബീന.

- ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ സിപിഎംകാര്‍ വഞ്ചിച്ച് കുടിയിറക്കി, കുട്ടികളുടെ പാഠപുസ്തകം കത്തിച്ചു കളഞ്ഞതിന് സാക്ഷിയായ അമ്പിൡ 

- മകന്‍ മറ്റൊരു പാര്‍ട്ടിവേദിയില്‍ പോയതിന് അമ്മയുടെ ജോലി പോക്കുമെന്ന അവസ്ഥ നേരിടേണ്ടിവന്ന, എറണാകുളത്തെ, സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്.

- പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിപിഎം: എംഎല്‍എയുടെ ലൈംഗിക പീഡനത്തിന് വിധേയയാകേണ്ടിവന്ന പാലക്കാട് മണ്ണാര്‍കാട്ടെ യുവതി....ഇനിയുമുണ്ട് അവര്‍. അവര്‍ രംഗത്തു വരും ഇനിയുള്ള ദിവസങ്ങളില്‍. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.