ന്യൂദല്‍ഹി : പെലറ്റുമാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സിന്റെ 14 സര്‍വ്വീസുകള്‍ റദ്ദാക്കി. നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേയ്സിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ആഗസ്ത് മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ്, പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.
പൈലറ്റുമാര്‍ സിക്ക് ലീവില്‍ പ്രവേശിച്ചതോടെ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച 14 വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തി. ഇതിനെ തുടര്‍ന്ന് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ അവിയേറ്റേഴ്സ് ഗില്‍ഡിന്റെ (എന്‍എജി) നേതൃത്വത്തില്‍ ജെറ്റ് എയര്‍വേയ്സ്് മാനേജുമെന്റുമായി ചര്‍ച്ച നടത്തി വരികയാണ്.
അതേസമയം അപ്രതീക്ഷിതമായി പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതുകൊണ്ടാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതെന്നും അല്ലാതെ പൈലറ്റുമാരുടെ സമരംമൂലമല്ലെന്നും ജെറ്റ് എയര്‍വേയ്സ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ ചില പൈലറ്റുമാര്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യാനാവില്ലെന്ന് അറിയിച്ച് ചെയര്മാന് നരേഷ് ഗോയലിന് കത്ത് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും.ഇവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: