ഭീകര പ്രവര്‍ത്തനത്തിനെതിരെ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം തേടാം: രാജ്‌നാഥ് സിങ്

Monday 3 December 2018 3:09 pm IST

ജെയ്പൂര്‍ : ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ പാക്കിസ്ഥാന് വേണമെങ്കില്‍ ഇന്ത്യയുടെ സഹായം തേടാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

അഫ്ഗാനിസ്ഥാന്‍ താലിബാനെതിരെയുള്ള പോരാട്ടം യുഎസിന്റെ സഹോയത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെ രാജ്യത്തെ ഭീകരരെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന് ഒറ്റയ്ക്ക് സാധിക്കില്ല. സഹായം തേടുകയാണെങ്കില്‍ ഇന്ത്യ അത് നല്‍കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. 

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തി നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രധാനപ്പെട്ട ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു എന്നും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ജെയ്പൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്. 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെയുള്ള ഭീകര പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നം. ഇതുസംബന്ധിച്ച് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. 

കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന ഭരണം രാഷ്ട്രീയ നടപടിക്രമങ്ങളിലേക്ക് മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഭാകര പ്രവര്‍ത്തനങ്ങള്‍ തലപൊക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പാക്കിസ്ഥാനാണെന്നുള്ളതിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കും. 

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നക്‌സലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ 50-60 വരെ കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് 90 ജില്ലകളില്‍ നക്‌സല്‍ സാന്നിധ്യം ഉണ്ടായിരുന്നത് ഇപ്പോല്‍ 9ജില്ലകളില്‍ മാത്രമായി ഒതുക്കാന്‍ സാധിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യത്തുനിന്നു തന്നെ ഇല്ലാതാക്കുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.