മാതൃശാപത്തില്‍ വെന്തുരുകും ഈ പാര്‍ട്ടിയും അധികാരവും

Tuesday 4 December 2018 2:39 am IST

കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ ഒരു കുടുംബത്തെ വേട്ടയാടിയ സിപിഎം നവോത്ഥാനത്തിന്റെ പേരില്‍ മതില്‍കെട്ടാനൊരുങ്ങുമ്പോള്‍ ഒരമ്മ കരഞ്ഞു കണ്ണീര്‍ വാര്‍ക്കുന്നുണ്ടിപ്പോഴും. കോടഞ്ചേരി വേളാങ്കോട് സിബി ചാക്കോയുടെ ഭാര്യ ജ്യോത്സ്‌ന. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വീടാക്രമിച്ചപ്പോള്‍ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സ്‌നയുടെ ഗര്‍ഭമലസിയത്. 'നല്ല ഒരാണ്‍കുഞ്ഞായിരുന്നു. തന്നേ പോയതാണെങ്കില്‍ സങ്കടമില്ലായിരുന്നു. എന്റെ പൊന്നിനെ അവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു.' ജ്യോത്സ്‌നയുടെ  തീരാത്തവേദന. 

2018 ജനുവരി 28നായിരുന്നു ആ കാളരാത്രി. അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. അളവും പരിശോധനയും കഴിഞ്ഞപ്പോള്‍ അയല്‍വാസി അനധികൃതമായി കൈയേറിയാതാണെന്ന് തെളിഞ്ഞു. ഇതാണ്  വേട്ടയാടലിന്റെ തുടക്കം. 

ഭീഷണിയും കൈയേറ്റവും തുടര്‍ന്നു. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും ഫലമില്ല. ബാലസംഘത്തിന്റെ ഏരിയ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജ്യോത്സ്‌നയോട് അടങ്ങാത്ത പ്രതികാരവുമായി അവര്‍ കാത്തു നിന്നു. രാത്രി പ്രജീഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയുമടക്കമുള്ളവര്‍ വീട്ടില്‍ കയറി കണ്ണില്‍ക്കണ്ടതൊക്കെ തകര്‍ത്തു. വിളിച്ചെങ്കിലും പോലീസ് വന്നില്ല. ഭര്‍ത്താവ് സിബി ചാക്കോയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാനെത്തിയതായിരുന്നു ഗര്‍ഭിണിയായ ജ്യോത്സ്‌ന. മക്കളായ മെറിന്‍, ആന്‍ തെരേസ എന്നിവരെ അക്രമികള്‍ എടുത്തെറിയുന്നതുകൂടി കണ്ടപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല. എന്നാല്‍ തടയാനെത്തിയ ജ്യോത്സ്‌നയ്ക്ക് ലഭിച്ചത് ക്രൂരമര്‍ദനമായിരുന്നു. ''പാര്‍ട്ടി പറയുന്നതിനപ്പുറം പോയാല്‍ ഇതിലും ഇതിലപ്പുറവും ഉണ്ടാവും'' എന്നാണ് അക്രമികള്‍ ആക്രോശിച്ചത്. 

ജ്യോത്സ്‌നയെ പ്രാഥമിക ചികിത്സയ്ക്ക് താമരശ്ശേരിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തസ്രാവവും ഗര്‍ഭപാത്രത്തിലെ ചതവും. പ്‌ളാസന്റയില്‍ രക്തം കട്ടപിടിച്ചു.  കുഞ്ഞിനെ രക്ഷിക്കാനായില്ല. നാലാംദിവസം ചാപിള്ളയെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നിട്ടും കലിയടങ്ങാത്തവര്‍ കുടുംബത്തെ വീണ്ടും വേട്ടയാടി. ജ്യോത്സനയ്‌ക്കെതിരെ നേതാക്കളടക്കമുള്ളവര്‍ സമീപ പ്രദേശങ്ങളില്‍ പൊതുയോഗം നടത്തി കൊലവിളി ആവര്‍ത്തിച്ചു. അപവാദപ്രചാരണം നടത്തി. ഏഴോ എട്ടോ അബോര്‍ഷന്‍ നടത്തിയെന്നും ഇതവളുടെ സ്ഥിരം പണിയാണെന്നും പറഞ്ഞ് നേതാക്കള്‍ പൊതുവേദികളില്‍ സ്വഭാവഹത്യ ചെയ്തു.

പ്രശ്‌നത്തില്‍ ബിജെപി ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ പോലും പോലീസ് തയാറായത്. സിപിഎം കല്ലംതറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തതും ബിജെപിയുടെ ഇടപെടലിന് ശേഷമാണ്. പിന്നീടാണ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ കെപിസിസി സംഘമടക്കമുള്ളവര്‍ എത്തിയത്. ആരുമില്ലാത്തപ്പോള്‍ വീട്ടിലെത്തി, അമ്മ ബൈക്കില്‍ നിന്ന് വീണതാണെന്ന് പറയണമെന്ന്  പിഞ്ചുകുട്ടികളെ പറഞ്ഞ് പഠിപ്പിക്കാന്‍ എസ്‌ഐ അടക്കമുള്ളവര്‍  ശ്രമിച്ചതും വിവാദമായി. 

പോലീസും പാര്‍ട്ടിയും വേട്ടയാടിയപ്പോള്‍, ആറ്റുനോറ്റ് കാത്തിരുന്ന കുഞ്ഞ് ചാപിള്ളയായി മാറിയതിന്റെ വേദനയില്‍ നിന്ന് ജ്യോത്സന ചോദിക്കുന്നത്, മനുഷ്യത്വമില്ലാത്തവര്‍ക്ക് വനിതകളെകുറിച്ച് പറയാന്‍ എന്താണ് അധികാരമെന്നാണ്. സിപിഎമ്മിന്റെ അധികാരവും ധാര്‍ഷ്ട്യവും മാതൃശാപത്തിന്റെ തീയില്‍ വെന്തുരുകുമെന്ന്  കോടഞ്ചേരിയിലെ ജ്യോത്സ്‌ന വനിതാ മതിലുകാരെ ഓര്‍മിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.