സിപിഎം നേതാവിന്റെ വീടിനുനേരെ പ്രവര്‍ത്തകരുടെ കല്ലേറ്; ചോരകൊണ്ട് ഒപ്പിട്ട കത്തുകള്‍ പുറത്ത്

Tuesday 4 December 2018 4:43 am IST

മാനന്തവാടി: തലപ്പുഴയിലെ സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ബാങ്ക് പ്രസിഡന്റിന്റെയും മറ്റ് ജീവനക്കാരുടെയും മാനസികപീഡനമാണെന്ന് ആത്മഹത്യാ കുറിപ്പ്. അനില്‍കുമാര്‍ സ്വന്തം രക്തം കൊണ്ട് കൈയൊപ്പിട്ട അഞ്ച് കത്തുകളാണ് പുറത്തുവന്നത്. കത്ത് പോലീസിന് കൈമാറാതെ കോടതി നടപടിയിലൂടെ അന്വേഷണത്തിന് ഉത്തരവിടുവിപ്പിക്കാനാണ് ബന്ധുക്കളുടെ ശ്രമം.

ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ രാത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തലപ്പുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പി. വാസുവിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ കവാടത്തിന് കേടുപാട് സംഭവിച്ചു, ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

  സിപിഎം മാനന്തവാടി ഏരിയാ സെക്രട്ടറി, തവിഞ്ഞാല്‍ ലോക്കല്‍ സെക്രട്ടറി, മറ്റ് മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് കത്തെഴുതിയത്. 17 വര്‍ഷമായി ബാങ്ക്  ജീവനക്കാരനായ തന്നെ  കുറെ വര്‍ഷങ്ങളായി ബാങ്ക് പ്രസിഡന്റ് പി. വാസു മാനസികമായി പീഡിപ്പിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും കത്തിലുണ്ട്. ബാങ്ക് സെക്രട്ടറി നസീമ, മറ്റൊരു ജീവനക്കാരന്‍ സുനീഷ് എന്നിവരും മാനസികമായി പീഡിപ്പിക്കുന്നു. ബാങ്കിലെ വളം വില്‍പ്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്യിപ്പിച്ചു. 

മുന്‍ ജീവനക്കാരനും, മുന്‍ തവിഞ്ഞാല്‍ കൃഷി ഓഫീസറും വരുത്തിവച്ച വന്‍ ബാധ്യത തന്റെ തലയില്‍ കെട്ടിവച്ചു. അതിന്റെ പേരില്‍ തന്റെ കൈയില്‍ നിന്ന് ഭീമമായ തുക ബാങ്കിലേക്ക് നിര്‍ബന്ധിച്ച് അടപ്പിച്ചു. പിടിച്ചുനില്‍ക്കാനാവില്ലന്നും ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തിന് ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ വാസുവാണ് ഉത്തരവാദിയെന്നും അനില്‍കുമാര്‍ കത്തില്‍ പറയുന്നു. 

ബാങ്ക് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.