ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

Tuesday 4 December 2018 11:13 am IST

ലണ്ടന്‍:  മുന്‍ വര്‍ഷത്തെ ഏറ്റവും മികട്ട ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരമായ ലൂക്കാ മോഡ്രിച്ചിന്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. പാരീസില്‍ നടന്ന ചടങ്ങില്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ മോഡ്രിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി. 

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ് ഈ പുരസ്‌കാരം നേടുന്നത്. 2007ല്‍ കക്ക ഈ പുരസ്‌കാരം നേടിയിരുന്നു.

 മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നെതര്‍ലാന്‍ഡ് താരം അദ ഹര്‍ഗല്‍ സ്വന്തമാക്കി. പുരസ്‌കാരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ കളിക്കാര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പയാണ് യുവകളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ലോകത്തിലെ വിവിധ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഓക്ടോബറില്‍ പ്രഖ്യാപിച്ച സാധ്യതാപട്ടികയില്‍ മെസ്സിയും റൊണാള്‍ഡോയും അടക്കം 30 താരങ്ങള്‍ ഇടംപിടിച്ചിരുന്നു. വോട്ടെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെയാണ് മോഡ്രിച്ച് പുരസ്‌കാരം നേടിയത്. വോട്ടിങ്ങില്‍ റൊണാള്‍ഡോ രണ്ടാമതും, ആന്റോയിന്‍ ഗ്രീസ്മാന്‍ മൂന്നാമതും എത്തി. മെസ്സി അഞ്ചാം സ്ഥാനത്താണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.