കുന്നത്തൂര്‍പ്പാടി തിരുവപ്പന ഉത്സവം 18 മുതല്‍

Tuesday 4 December 2018 4:27 pm IST

 

പയ്യാവൂര്‍: ഉത്തര കേരളത്തിലെ പ്രശസ്തമായ മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം 18ന് തുടങ്ങും. ഉത്സവത്തിന്റെ മുന്നോടിയായുള്ള പാടിയില്‍ പണി 10ന് തുടങ്ങും. പാടിയില്‍ പണിക്കുമുന്നേ തിരുവാഭരണം മിനുക്കും. ജനുവരി 16 വരെ നീളുന്ന ഉത്സവം രാത്രികാലങ്ങളില്‍ കാട്ടില്‍ നടക്കുന്ന അപൂര്‍വ്വം ചില ഉത്സവങ്ങളില്‍ ഒന്നാണ്. കാട്ടിലെ പാടിയും പരിസരവും മിനുക്കുന്നതാണ് പാടിയില്‍ പണി. ഉല്‍സവകാലത്തു മാത്രം ആള്‍ക്കാര്‍ കയറുന്ന സ്ഥലമാണിത്. ഒരു മാസത്തെ ഉത്സവത്തിനു ശേഷം കാടുമൂടിക്കിടക്കുകയാണ് പതിവ്. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലമാണിത്. 

തിരുവപ്പനയ്ക്ക് വെളിച്ചത്തിനായി കത്തിക്കാനുള്ള ഓടച്ചൂട്ടുകള്‍ എത്തിക്കാനുള്ള പണി തുടങ്ങി. പാടിയില്‍ പണിക്ക് ഇരുമ്പായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കാട്ടിലെ പാടിയിലേക്കുള്ള പടവുകള്‍ വൃത്തിയാക്കി താല്‍ക്കാലിക മീപ്പുര, കരക്കാട്ടിടം വാണവരുടെ കങ്കാണിയറ, അടിയന്തിരക്കാര്‍ക്കുള്ള അറകള്‍ എന്നിവ പണിയുന്നത് പാടിയില്‍ പണിയുടെ സമയത്താണ്. ഇവിടെ സ്ഥിരം നിര്‍മ്മാണം പാടില്ലെന്നാണ് പരമ്പരാഗത വിശ്വാസം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന സ്ഥലമാണിത്. രാത്രി കാലങ്ങളില്‍ കനത്ത തണുപ്പില്‍ കാട്ടില്‍ നടക്കുന്ന ഉല്‍സവമായതുകൊണ്ട് ഉത്തരകേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുടകില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടെയെത്തുക പതിവാണ്. തീര്‍ത്ഥാടക ടൂറിസത്തിനു കേളി കേട്ട പ്രദേശമായതുകൊണ്ട് പകല്‍ സമയങ്ങളില്‍ സ്ഥലം കാണാന്‍ എത്തുന്നവരും നിരവധിയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.