എന്‍ജിഒ സംഘ് നേടിയത് ചരിത്രവിധി; വിസമ്മതപത്രം അറബിക്കടലില്‍

Wednesday 5 December 2018 3:51 am IST
സാലറി ചലഞ്ചിന്റെ കാര്യത്തില്‍ എന്‍ജിഒ സംഘ് നടത്തിയ നിയമപോരാട്ടം ഭാരതത്തിന്റെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ സുപ്രധാന ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഭാരതത്തിലെവിടെയും ജീവനക്കാരുടെ അനുവാദമില്ലാതെ (സമ്മതപത്രമില്ലാതെ) ഒരു രൂപപോലും പിടിക്കാന്‍ ഒരു സര്‍ക്കാരിനും ഇനി കഴിയില്ല.

കേരളത്തിലെ സര്‍വ്വീസ് മേഖലയില്‍ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിസമ്മതപത്രം എന്ന കരിനിയമത്തെ കേരള എന്‍ജിഒ സംഘ് നിയമപോരാട്ടത്തിലൂടെ അറബിക്കടലിലെറിഞ്ഞു.

പ്രളയദുരന്തത്തെ തുടര്‍ന്ന് കേരളത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി രംഗത്തുവന്ന കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ലോകമെമ്പാടുമുള്ള മലയാളികളോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം വരുന്നതിനുമുമ്പ് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉത്സവബത്തയും രണ്ട് ദിവസത്തെ ശമ്പളവും സര്‍ക്കാരിന്  സമര്‍പ്പിക്കാന്‍ തയ്യാറാകുകയും ചെയ്തിരുന്നു.

എന്‍ജിഒ സംഘ് ഇക്കാര്യത്തില്‍ നടത്തിയ നിയമപോരാട്ടം ഭാരതത്തിന്റെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ സുപ്രധാന ചലനങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഭാരതത്തിലെവിടെയും ജീവനക്കാരുടെ അനുവാദമില്ലാതെ (സമ്മതപത്രമില്ലാതെ) ഒരു രൂപപോലും പിടിക്കാന്‍ ഒരു സര്‍ക്കാരിനും ഇനി കഴിയില്ല. 

മലയാളി സമൂഹം തള്ളിയ  സാലറി ചലഞ്ച്

ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ലോകമെമ്പാടുമുള്ള മലയാളി സമൂഹം തള്ളിക്കളയുകയാണ് ചെയ്തത്. കേരളത്തിലെ സര്‍ക്കാര്‍, പൊതുമേഖല, സ്ഥാപനങ്ങളും സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിന്റെ വകയായി സഹായങ്ങള്‍ നല്‍കിയതൊഴിച്ചാല്‍ കേരളത്തിലെതന്നെ തൊഴിലാളികളോ പൊതുസമൂഹമോ ഒരുമാസത്തെ ശമ്പളം എന്ന ആശയത്തെ ഉള്‍ക്കൊണ്ടില്ല. എന്നാല്‍ വരുമാനമുള്ള ഒട്ടുമിക്കപേരും കഴിവിനനുസരിച്ചു സംഭാവന നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ പൊതുസമൂഹം സ്വീകരിച്ച കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാരിന് ഇല്ലാതെ പോയതിന്റെ ദുരന്തമാണ് സാലറി ചലഞ്ച് എന്ന ആശയത്തിന്റെ പരാജയം.

അടിച്ചേല്‍പിച്ചു

ഒരുമാസത്തെ ശമ്പളം പൂര്‍ണ്ണമായും കൊടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ജീവനക്കാരുണ്ടെന്നും അവര്‍ക്ക്, കഴിയുന്ന തുക നല്‍കാനുള്ള അവസരം ഉണ്ടാക്കണമെന്നും എന്‍ജിഒ സംഘ്, ധനമന്ത്രി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ധനമന്ത്രി അറിയിച്ചു. 144-ാം നമ്പരായി, സിവില്‍ സര്‍വ്വീസ് മേഖലയിലെ എക്കാലത്തെയും കറുത്ത ആ ഉത്തരവ് പുറത്തിറങ്ങി. തുടര്‍ന്നാണ് എന്‍ജിഒ സംഘ് നിയമപോരാട്ടത്തിനിറങ്ങിയത്. 

സുപ്രീംകോടതിവരെണ്ട  നിയമയുദ്ധം

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി മാറ്റിവെച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിചാരണയ്ക്കിടയില്‍ പലപ്രാവശ്യം സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി ചോദ്യം ചെയ്തു. സര്‍ക്കാരിന്റേത് അനാവശ്യ പിടിവാശിയാണെന്ന് കോടതിക്ക് ബോദ്ധ്യമായി. വിസമ്മതപത്രം നല്‍കുന്ന ജീവനക്കാരെ ദ്രോഹിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. സുപ്രധാനമായ വിധി ഒക്‌ടോബര്‍ 9ന് ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ചു.

ജീവനക്കാരോട് ഒരു മാസ ശമ്പളം ആവശ്യപ്പെടുന്നതും വിസമ്മതപത്രം ചോദിക്കുന്നതുമായ 144-ാം നമ്പര്‍ ഉത്തരവിലെ 10-ാം ഖണ്ഡിക പൂര്‍ണ്ണമായും ഹൈക്കോടതി സ്‌റ്റേ ചെയ്തു. സാലറി ചലഞ്ച് എന്ന സര്‍ക്കാര്‍ തീരുമാനം പോലും അതോടെ അസാധുവായി. ഫ്രഞ്ച് ഭരണാധികാരിയായ ലൂയി ഢാമന്റെ പ്രശസ്തമായ പ്രഖ്യാപനത്തെയാണ് ഹൈക്കോടതി ഈ വിധിയിലൂടെ ഉദ്ധരിച്ചത്. ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്നതിനെക്കാള്‍ ഒരായിരം തവണ മരിക്കുന്നതാണ് നല്ലതെന്ന്”കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്ന തുക സംഭാവനയായി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ പിണറായി സര്‍ക്കാരിന്റെ മുഖം തന്നെ നഷ്ടപ്പെട്ടു. 

സുപ്രീംകോടതിയുടെ വിധി

ഈ വിധിക്കെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു. ദുരിതാശ്വാസഫണ്ടിന്റെ ദുര്‍വിനിയോഗം സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തു. ആത്മാഭിമാനം ഉണ്ടെങ്കില്‍ സാലറി ചലഞ്ച് പിന്‍വലിച്ച് മാപ്പ് പറയുന്നതായിരുന്നു സര്‍ക്കാരിന് അഭികാമ്യം. 

മുഖം നഷ്ടപ്പെട്ട എന്‍ജിഒ യൂണിയന്‍ 

ഹൈക്കോടതിയിലെ കേസ്സില്‍ എന്‍ജിഒ യൂണിയന്‍ കക്ഷിചേര്‍ന്നു. കേരളത്തിലെ ജീവനക്കാര്‍ സ്വമേധയായാണ് സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതെന്നും എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി ദുരുദ്ദേശപരമാണെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. ആ നിലപാടിനെ കോടതി കണക്കറ്റ് ശകാരിക്കുകയും ജീവനക്കാരില്‍ മുഴുവന്‍ പേരുടെയും കാര്യം പറയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശമെന്ന് ചോദിക്കുകയും ചെയ്തു. സ്വന്തം സംഘടനയില്‍പ്പെട്ട അംഗങ്ങളുടെ കാര്യംമാത്രം പറഞ്ഞാല്‍ മതിയെന്നും യൂണിയന്‍ നിലപാട് ദുരുദ്ദേശപരമാണെന്നും കോടതി പറഞ്ഞു. 

വിസമ്മതപത്രത്തിനെതിരെ യാതൊന്നും ചെയ്യാന്‍ കഴിയാത്ത എന്‍ജിഒ അസ്സോസിയേഷന്‍, എന്‍ജിഒ സംഘ് നടത്തിയ നിയമപോരാട്ടത്തിന്റെ പങ്കുപറ്റാന്‍ വൃഥാ ശ്രമം നടത്തി. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതിയില്‍ വന്നപ്പോള്‍ എന്‍ജിഒ അസ്സോസിയേഷന്‍ ഒരു അഭിഭാഷകനെ നിയോഗിച്ചിരുന്നെങ്കിലും അവരുടെ വാദം സുപ്രീംകോടതി കേള്‍ക്കുകപോലും ചെയ്തില്ല. എന്നാല്‍, തങ്ങള്‍ കേസ്സ് നടത്തിയെന്ന് അവര്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു. 

സുപ്രീംകോടതിവിധിക്ക് ശേഷം 144-ാം നമ്പര്‍ ഉത്തരവിലെ 10 ഉം 11 ഉം ഖണ്ഡികകള്‍ ഒഴിവാക്കി സര്‍ക്കാര്‍ രണ്ടാമത് ഇറക്കിയ സര്‍ക്കുലറിലും ഒരുമാസത്തെ ശമ്പളം എന്ന നിബന്ധന നിലനിറുത്തുകയും ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്തവര്‍ സ്പാര്‍ക്ക് വഴി കൊടുക്കണ്ടായെന്ന നിര്‍ബന്ധബുദ്ധി ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ ഉത്തരവിലും കോടതിയലക്ഷ്യം ബോദ്ധ്യമായ എന്‍ജിഒ സംഘ് ചീഫ് സെക്രട്ടറിക്കെതിരായി കോടതിയലക്ഷ്യം ഫയല്‍ചെയ്യുമെന്ന് അറിയിച്ചപ്പോള്‍ നവംബര്‍ 2ന്, സ്പാര്‍ക്ക് വഴി സാലറി ചലഞ്ചില്‍ നിന്ന് പിന്‍മാറാനുള്ള ഓപ്ഷന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ട്രഷറികളില്‍ ശമ്പളബില്‍ നല്‍കിയവര്‍ക്ക് ഈ ഓപ്ഷന്‍ സ്വീകരിക്കാന്‍ കഴിയില്ലായെന്ന് വന്നതോടെ ബഹുഭൂരിപക്ഷം ജീവനക്കാരും വഞ്ചിക്കപ്പെടുകയാണ് ചെയ്തത്. മാത്രവുമല്ല പത്ത് മാസത്തെ ശമ്പളത്തില്‍ നിന്ന് സാലറി ചലഞ്ച് നല്‍കുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം ചുരുക്കുകയും പിഎഫ്, ശമ്പളപരിഷ്‌ക്കരണ കുടിശ്ശിക, ലീവ് സറണ്ടര്‍ എന്നീ ഓപ്ഷനുകള്‍ സ്വീകരിച്ചവരെ ഒഴിവാക്കുകയും ചെയ്തു. ഈ നിയന്ത്രണങ്ങള്‍ക്കിടയിലും ശമ്പളബില്‍ നല്‍കാതിരുന്ന ഓഫീസുകളില്‍ നിന്ന് 12,000 പേര്‍, സാലറി ചലഞ്ചില്‍ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ച് പിന്‍മാറുകയും ചെയ്തു. എന്‍ജിഒ സംഘിന്റെ നിയമപോരാട്ടത്തെ സാധൂകരിക്കുന്നതാണ് ഇത്രയധികം ജീവനക്കാരുടെ പിന്‍മാറ്റം. 

ചലഞ്ചില്‍ പങ്കെടുത്തത് 57.33%

ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയുന്നവരില്‍ നിന്ന് അത് വാങ്ങുന്നതിന് എന്‍ജിഒ സംഘ് എതിരല്ല. എന്നാല്‍ അതിന് കഴിയാത്തവരെ ഭീഷണിപ്പെടുത്തി വിസമ്മതപത്രം വാങ്ങാനും ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി അപമാനിക്കാനുമാണ് സര്‍ക്കാരും ഭരണാനുകൂല സംഘടനകളും ശ്രമിച്ചത്. പിണറായി വിജയന്‍ ആവശ്യപ്പെട്ടാല്‍ അംഗീകരിച്ചുകൊള്ളണമെന്ന തിട്ടൂരമാണ് ജീവനക്കാരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചത്.  

ഇനിയും പിന്‍മാറാം

ചലഞ്ചില്‍ പങ്കെടുത്തെങ്കിലും തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ഡിഡിഒ മാര്‍ക്ക് രജിസ്‌ട്രേഡ് പോസ്റ്റ് വഴി അപേക്ഷ കൊടുത്ത് പിന്‍മാറാം.  എന്‍ജിഒ സംഘിനെ രേഖാമൂലം അറിയിച്ചാല്‍ സൗജന്യ നിയമസഹായം ഉറപ്പാക്കും. ജീവനക്കാര്‍ക്ക് നീതി ലഭിക്കുംവരെ സംഘ് നിയമപ്പോരാട്ടം നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.