ലാ... ലാ... ലൂക്കാ

Wednesday 5 December 2018 5:40 am IST

പാരീസ്: ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് ബലോണ്‍ ദ് ഓര്‍ പുരസ്‌കാരം. മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ്  അദ ഹെഗര്‍ബര്‍ഗിന് ലഭിച്ചു. സൂപ്പര്‍ സ്റ്റാറുകളായ ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരു ദശാബ്ദം നീണ്ട അപ്രമാദിത്വം അവസാനിപ്പിച്ചാണ് ലൂക്കാ ഇതാദ്യമായി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന അവാര്‍ഡ് പാരീസില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി.

ലോകത്തെമ്പാടുമുള്ള കായികപത്രപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ലൂക്കാ മോഡ്രിച്ച് 753 വോട്ട് നേടി മുന്നിലെത്തി. പോര്‍ച്ചുഗീസ്താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്കാണ് രണ്ടാം സ്ഥാനം-476 വോട്ട്. ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ് നാലാം സ്ഥാനം. ലയണല്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എംബാപ്പെയ്ക്ക് മികച്ച അണ്ടര്‍-21 കളിക്കാരനുളള അവാര്‍ഡ് ലഭിച്ചു.

2007 ല്‍ ബ്രസീലിന്റെ കാക്ക ബലോണ്‍ ദ ഓര്‍ പുരസ്‌കാരം നേടിയതിനുശേഷം ഇതാദ്യമായാണ് മെസിയോ റൊണാള്‍ഡോ അല്ലാത്ത കളിക്കാരന്‍ ഈ പുരസ്‌കാരം നേടുന്നത്. മെസിയും ക്രിസ്റ്റിയനോയും അഞ്ചു തവണ വീതം ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.

ഈ വര്‍ഷം റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച ലൂക്കാ മോഡ്രിച്ച് റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലേക്ക് കടത്തിവിട്ടു. ഈ മികവിന് ടൂര്‍ണമെന്റിന്റെ താരമായി ലൂക്ക തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് ലൂക്കയ്ക്ക് ലഭിച്ചു.

നോര്‍വീജിയന്‍ പ്രെഫഷണല്‍ ഫുട്‌ബോളറായ ഹെഗര്‍ബര്‍ഗ് ഈ സീസണില്‍ ലിയോണിന് ഫ്രഞ്ച് കിരീടവും  ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.