വലിയ വിമാനങ്ങള്‍ ഇന്ന് മുതല്‍; കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക്

Wednesday 5 December 2018 3:55 am IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്ന് പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് സര്‍വീസ് തുടങ്ങുക. ഇന്ന് പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ 11ന് കരിപ്പൂരിലിറങ്ങും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് ജിദ്ദയിലേക്ക് തിരിക്കും.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആഗസ്തില്‍ പുനഃസ്ഥാപിച്ചിരുന്നു. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് മുസ്ലിം ലീഗും യുഡിഎഫും സമരങ്ങള്‍ നടത്തി വിഷയം മറ്റൊരു രീതിയിലേക്ക് വളച്ചൊടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബിജെപി കേരള ഘടകം നടത്തിയ ഇടപെടലുകളാണ് നടപടികള്‍ വേഗത്തിലാക്കിയത്.

കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ നിരവധി തവണ ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധിയില്‍പ്പെടുത്തിയിരുന്നു. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എംപി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ഡിജിസിഎ അനുമതി ലഭിച്ചത്.

ഇന്ന് രാവിലെ 11ന് കരിപ്പൂരിലെത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. ജനപ്രതിനിധികള്‍, വിമാനത്താവള ഉപദേശകസമിതി അംഗങ്ങള്‍, വ്യോമയാന മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.