പറശ്ശിനിക്കടവ് പീഡനം: അഞ്ചുപേര്‍ അറസ്റ്റില്‍

Wednesday 5 December 2018 2:56 pm IST
പറശ്ശിനിക്കടവിലെ ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവുള്‍പ്പടെ എട്ടു പേര്‍ കസ്റ്റഡിയില്‍.

പറശ്ശിനിക്കടവിലെ ലോഡ്ജ് മാനേജര്‍ പവിത്രന്‍,  മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ മേഖലാ നേതാവും പെണ്‍കുട്ടിയുടെ പിതാവുമടക്കം എട്ടുപേരാണ് കസ്റ്റഡിയിലുളളത്. ഇക്കഴിഞ്ഞ നവംബര്‍ 13, 19 തീയതികളില്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികള്‍ക്ക് കാഴ്ച്ചവച്ച സ്ത്രീയെ പോലീസ് അന്വേഷിക്കുന്നു. കേസില്‍ 19 പ്രതികളുളളതായി പോലീസ് പറഞ്ഞു. 

ചൊവ്വാഴ്ച വൈകിട്ട് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. 

ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വെച്ച് സ്വന്തം പിതാവുള്‍പ്പെടെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 

 കഴിഞ്ഞ നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍ കോളില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ നഗ്‌ന വീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദേശം. ഇത് പ്രകാരം 27ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്നവര്‍ വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത ഇയാളെ ആറുപേര്‍ ചേര്‍ന്ന് ഭീകരമായി മര്‍ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ചു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിച്ചു, തുടര്‍ന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കി. 

സംഭവം തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് തളിപ്പറമ്പിലേക്ക് കൈമാറി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരനെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ഫോണ്‍ ഉപയോഗിച്ച സിംകാര്‍ഡ് പെണ്‍കുട്ടിയുടെ പേരിലെടുത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ സുരേഷ് കക്കറ, എം.വി. രമേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍ റൗഫ്, ബിനീഷ്, റോജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.