കല്‍ക്കരിപ്പാടം അഴിമതി: മുന്‍ സെക്രട്ടറിക്ക് മൂന്നു വര്‍ഷം തടവ്

Wednesday 5 December 2018 3:34 pm IST

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ബംഗാളിലെ കല്‍ക്കരിപ്പാടം ക്രമവിരുദ്ധമായി ലേലം ചെയ്ത് നല്‍കിയ കേസിലാണ് ദല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി പരാശരന്റെ വിധി. കല്‍ക്കരി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ആയിരുന്ന കെ.എസ്. ക്രോഫ, മന്ത്രാലയ ഡയറക്ടര്‍ കെ.സി. സമ്രിയ എന്നിവര്‍ക്കും മൂന്നു വര്‍ഷം തടവുശിക്ഷ ലഭിച്ചു.  

യുപിഎ ഭരണകാലത്ത് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി അഴിമതിക്ക് കൂട്ടുനിന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി കല്‍ക്കരിപ്പാടം നല്‍കിയ വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വികാസ് പട്‌നി, ഡയറക്ടര്‍ ആനന്ദ് മല്ലിക്ക് എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കഴിഞ്ഞ മുപ്പതിന് കോടതി വ്യക്തമാക്കിയിരുന്നു. 

2005 ഡിസംബര്‍ 31 മുതല്‍ 2008 നവംബര്‍ വരെ കല്‍ക്കരി മന്ത്രാലയ സെക്രട്ടറിയായിരുന്ന എച്ച്. സി. ഗുപ്ത കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട മറ്റു രണ്ട് കേസുകളിലും വിചാരണ നേരിട്ട് ശിക്ഷ അനുഭവിക്കുകയാണ്. ഒരു കേസില്‍ രണ്ടു വര്‍ഷവും മറ്റൊരു കേസില്‍ മൂന്നു വര്‍ഷവും ഗുപ്തയ്ക്ക് ശിക്ഷ ലഭിച്ചു. ഗുപ്തയ്‌ക്കെതിരെ 12 കേസുകളുണ്ട്. 

യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ കല്‍ക്കരിപ്പാടം ലേല ക്രമക്കേടിലെ 40 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.