ലോക മണ്ണ് ദിനം ആഘോഷിച്ചു

Wednesday 5 December 2018 10:31 pm IST

 

കണ്ണൂര്‍: ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. കൃഷി വകുപ്പും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ലോക മണ്ണ് ദിനത്തില്‍ നമുക്ക് ഒരു സ്വയം അവബോധം ഉണ്ടാകണമെന്ന് പ്രസിഡണ്ട് പറഞ്ഞു. എല്ലാം വലിച്ചെറിഞ്ഞ് കളയാനുള്ള ചവറ്റുകൊട്ടയായാണ് മണ്ണിനെ കാണുന്നത്. ഇത് നമ്മളെ സര്‍വ്വനാശത്തിലേക്ക് നയിക്കും. വിമര്‍ശനപരമായ സ്വയം പരിശോധനയ്ക്ക് നാം തയ്യാറാകണമെന്നും മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കാര്‍ഷിക സെമിനാറും ചടങ്ങില്‍ നടന്നു. 'മണ്ണ് പരിപാലനം ഭക്ഷ്യ സുരക്ഷയ്ക്ക്' എന്ന വിഷയത്തില്‍ മണ്ണ് പര്യവേക്ഷണ വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.കെ.നാരായണന്‍ ക്ലാസ്സെടുത്തു. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ പരിശോധന നടത്തി മണ്ണിന്റെ സ്വഭാവം എന്താണെന്നും ന്യൂനതകളെന്താണെന്നും മനസ്സിലാക്കാനാവുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും വിതരണം ചെയ്തു.

മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പുഷ്പജന്‍ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.സുലോചന, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ വി.വി.പ്രകാശ്, കണ്ണൂര്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍ ഇ.എം.ഷിജിനി, കണ്ണൂര്‍ മണ്ണ് പര്യവേക്ഷണം അസി. ഡയറക്ടര്‍ എല്‍ എന്‍ ഭാമിനി, ഇരിക്കൂര്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കുര്യന്‍ എബ്രഹാം, മലപ്പട്ടം കൃഷി ഓഫീസര്‍ ജ്യോതി സാറാ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.