മാക്കൂട്ടം ചുരംപാതയിലെ രാത്രിയാത്രാ നിരോധനം നീക്കി

Wednesday 5 December 2018 10:33 pm IST

 

ഇരിട്ടി: തലശ്ശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയില്‍ ബസ്സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം കുടക് ജില്ലാ ഭരണകൂടം നീക്കി. കഴിഞ്ഞ കാലവര്‍ഷത്തില്‍ ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം തകര്‍ന്ന ചുരം റോഡില്‍ ആറുമാസത്തോളമായി നിലനില്‍ക്കുന്ന യാത്രാ നിരോധനമാണ് ഇന്നലെ പിന്‍വലിച്ചത്. എന്നാല്‍ ആറ് ടയറില്‍ കൂടുതലുള്ള മള്‍ട്ടി ആക്‌സിസ് വാഹനങ്ങള്‍ക്ക് നിരോധനം തുടരും. 

കഴിഞ്ഞ ജൂണില്‍ കനത്ത മഴയെത്തുടര്‍ന്നാണ് കൂട്ടുപുഴയില്‍ നിന്നും പെരുമ്പാടി വരെ നീളുന്ന 16 കിലോമീറ്റര്‍ ചുരം പാത ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധയിടങ്ങളില്‍ തകര്‍ന്നത്. മൂന്നു മാസം പൂര്‍ണ്ണമായും വാഹനങ്ങള്‍ നിരോധിച്ച പാത താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ചെറിയ വാഹനങ്ങള്‍ക്കും ഒരു മാസം മുന്‍പ് ബസ്സുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ക്ക് പകല്‍ സമയങ്ങളിലും തുറന്നു കൊടുത്തിരുന്നു. എന്നാല്‍ രാത്രിയാത്രാ നിരോധനം നിലനിന്നത് മൂലം ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറ് കിലോമീറ്ററിലധികം യാത്രചെയ്ത്  മാനന്തവാടി കുട്ടവഴിയാണ് പോകേണ്ടിവന്നത്. ഈ യാത്രാദുരിതമാണ് നിരോധനം നീക്കിയതോടെ ഇല്ലാതായത്. ഇതോടെ രാത്രികാലങ്ങളില്‍ ബംഗളൂരുവിലേക്കും തിരിച്ചും ഇതുവഴി സര്‍വീസ് നടത്തുന്ന ഇരു സംസ്ഥാനങ്ങളിലെയും കെഎസ്ആര്‍ടിസി ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളുമടക്കം അന്‍പതോളം ബസ്സുകള്‍ ഇന്നലെ രാത്രി മുതല്‍ ഓടിത്തുടങ്ങി.  അതേസമയം ചുരം പാതയിലെ റോഡുകളുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.