പ്രളയഫണ്ട് ഇനി തെരുവില്‍ ഒഴുകും

Thursday 6 December 2018 1:05 am IST
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം പോലും മുടങ്ങിയിരിക്കെ ആ ഫണ്ടില്‍ നിന്ന് അടക്കം ശതകോടികള്‍ പൊടിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യപ്പെടും. മന്ത്രിമാര്‍ മറ്റെല്ലാം മാറ്റിവെച്ച് പിണറായിയുടെ മാനം കാക്കാന്‍ വനിതാമതിലിന്റെ ജില്ലാതല ചുമതലക്കാരാകും. സിപിഎം അനുകൂല സര്‍വ്വീസ് സംഘടനകളിലെ വനിതാ സഖാക്കള്‍ ജോലിമുടക്കി ഇഷ്ടികകളാകും. ഇന്ധനം കത്തിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ ചീറിപ്പായും, സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ പാവപ്പെട്ട തൊഴിലുറപ്പ് ജോലിക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി മതിലിന്റെ ഭാഗമാക്കും.

മ്മ്യൂണിസത്തിന് ആരംഭകാലം മുതല്‍ മതിലുകള്‍ പ്രിയപ്പെട്ടതാണ്. ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താനും തങ്ങള്‍ക്കിഷ്ടമില്ലാത്തത് മറയ്ക്കാനും മാര്‍ക്‌സിസം മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. ജനുവരി ഒന്നിന് കേരളത്തില്‍ ഒരു വനിതാമതില്‍ ഉയര്‍ത്താന്‍ അവര്‍ ഒരുങ്ങുകയാണല്ലോ. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനും അവ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനുമാണ് 'വനിതാമതില്‍' എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.

 മതിലിനെയും അതിന്റെ ലക്ഷ്യത്തേയും സംഘാടനത്തെയും കുറിച്ച് വലിയ സംശയങ്ങളും ആശങ്കയും സമൂഹത്തില്‍ ഉയരുന്നുണ്ട്. ആദ്യത്തേത് മതിലിന്റെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് തന്നെയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്കെതിരെ നാമജപ പ്രതിഷേധവുമായി  തെരുവോരങ്ങള്‍ നിറഞ്ഞൊഴുകിയ വനിതാ പ്രവാഹത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കാമെന്ന വ്യാമോഹമാണ് മുഖ്യമെന്ന് വ്യക്തം. രണ്ടാമത്തേത്, പിണറായി തന്നെ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച നവോത്ഥാന സദസ്സുകള്‍ എട്ടുനിലയില്‍ പൊട്ടിയെന്ന തിരിച്ചറിവാണ്. അതിനെ മറികടക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും സ്വാധീനം ഉപയോഗിക്കാനാണ് ശ്രമം. ഒരുവെടിക്ക് നിരവധി പക്ഷികളാണ് ഉന്നം. ശബരിമല കര്‍മ്മസമിതിയുടെ മുന്നേറ്റത്തെയും ബിജെപിയേയും എന്‍എസ്എസ്സിനെയും പ്രതിരോധിക്കാം. സിപിഎമ്മിന്റേയും പിണറായിയുടേയും കണ്ണിലെ കരടായ വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി നിഷ്പ്രഭനാക്കാം.

മലബാര്‍ മേഖലയിലേയ്ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ സ്വാധീനം വളര്‍ത്താന്‍ വെള്ളാപ്പള്ളി ശ്രമിച്ചപ്പോള്‍ മുതല്‍ അദ്ദേഹം സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിലാണ്. അവിടെ എസ്എന്‍ഡിപി ശാഖായോഗങ്ങളും യൂണിയനുകളും നിലവില്‍ വന്നപ്പോള്‍ സിപിഎം-യോഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കായികമായും ആശയപരമായും സിപിഎം എസ്എന്‍ഡിപിയുമായി ഏറ്റുമുട്ടി. ശ്രീനാരായണ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ടും കുരിശിലേറ്റിയും അപമാനിക്കുന്നതില്‍ വരെ അത് എത്തി. എന്നാല്‍ സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ധൃതരാഷ്ട്രാലിംഗനത്തിലൂടെ വെള്ളാപ്പള്ളിയെ തര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നു ശങ്കിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

 ശബരിമല തീര്‍ത്ഥാടനത്തിലും ക്ഷേത്രകാര്യങ്ങളിലും ഏറെ ശ്രദ്ധാലുക്കളായ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്കെതിരെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയെത്തന്നെ പരിചയാക്കി. അവരെ അദ്ദേഹത്തിനെതിരാക്കാന്‍ കഴിയുമെന്നും പിണറായി കണക്കുകൂട്ടുന്നു. എസ്എന്‍ഡിപി യോഗത്തില്‍ കലാപമുണ്ടായാല്‍, വെള്ളാപ്പള്ളി കാലാകാലങ്ങളില്‍ സിപിഎമ്മിന് സൃഷ്ടിക്കുന്ന തലവേദന ഒറ്റയടിക്ക് ഒഴിഞ്ഞുകിട്ടുകയും ചെയ്യും. 

കെപിഎംഎസ്സിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കംകൂട്ടാം. ആവുംവിധം എണ്ണയൊഴിക്കാം. പട്ടികജാതി വിഭാഗങ്ങളെ മനുഷ്യകവചമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പ്രസ്താവിച്ചിരുന്നു. സര്‍ക്കാരിന്റെ വനിതാമതില്‍ കമ്മിറ്റിയുടെ കണ്‍വീനറായി പുന്നല ശ്രീകുമാറിനെ പ്രഖ്യാപിക്കുക വഴി കെപിഎംഎസ്സിനെയും തമ്മില്‍തല്ലിച്ച് തകര്‍ക്കാം. ഇതിനെല്ലാം പുറമേ, ശബരിമല വിഷയത്തില്‍ മറ്റൊല്ലാം മറന്ന് ഒറ്റമനസായ ഹിന്ദുക്കളെ ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കാം. അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കുകയും ചെയ്യാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ ചെലവില്‍ സിപിഎമ്മിന്റെ പ്രചരണ ഉപാധിയുമാക്കാം വനിതാമതില്‍.

 'മതില്‍' വന്ന വഴിയും ദുരൂഹമാണ്. 'മതിലും' 'കോട്ടയും' 'ചങ്ങല'യുമൊക്കെ പണ്ടേ സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്ക്കും സ്വന്തമാണെന്നാണു ഭാവം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ക്ഷണിച്ച 190 സംഘടനകളില്‍ 170 സംഘടനകള്‍ പങ്കെടുത്തതായാണ് അവകാശപ്പെട്ടത്. എന്നാല്‍ 80 സംഘടനകള്‍ മാത്രമാണ് യോഗത്തിനെത്തിയതായി പട്ടികയില്‍ രേഖപ്പെടുത്തിയത്. എന്‍എസ്എസ്, യോഗക്ഷേമ സഭ എന്നിവ പങ്കെടുത്തില്ല. പങ്കെടുത്ത 53 പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയായ സാമൂഹിക സമത്വമുന്നണിയും ധീവരമുന്നണിയും, ധീവര സഭയും ശബരിമല യുവതീപ്രവേശന നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. പങ്കെടുത്ത ഒരു സംഘടനയും വനിതാമതില്‍ എന്ന ആശയം പറഞ്ഞതുമില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി വനിതാമതിലും അതിന്റെ തീയതിയും സംഘാടകസമിതി ഭാരവാഹികളേയുമെല്ലാം പ്രഖ്യാപിക്കുകയായിരുന്നു. 

ഇനി സിപിഎം ചെയ്യാന്‍ പോക്കുന്നത് എന്തെന്ന് ആ പാര്‍ട്ടിയേയും പിണറായി വിജയനേയും അറിയുന്ന എല്ലാവര്‍ക്കും വ്യക്തമാണ്. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം പോലും മുടങ്ങിയിരിക്കെ ആ ഫണ്ടില്‍ നിന്ന് അടക്കം ശതകോടികള്‍ പൊടിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യപ്പെടും. മന്ത്രിമാര്‍ മറ്റെല്ലാം മാറ്റിവെച്ച് പിണറായിയുടെ മാനം കാക്കാന്‍ വനിതാമതിലിന്റെ ജില്ലാതല ചുമതലക്കാരാകും. സിപിഎം അനുകൂല സര്‍വ്വീസ് സംഘടനകളിലെ വനിതാ സഖാക്കള്‍ ജോലിമുടക്കി ഇഷ്ടികളാകും. ഇന്ധനം കത്തിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ ചീറിപ്പായും സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ പാവപ്പെട്ട തൊഴിലുറപ്പ് ജോലിക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി മതിലിന്റെ ഭാഗമാക്കും. ഇതെല്ലാം തന്നെയാണ് സിപിഎം വനിതാമതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാണ്. 

നവോത്ഥാന വനിതാമതില്‍ എന്ന പ്രയോഗവും ഏറെ വിമര്‍ശന വിധേയമായി കഴിഞ്ഞതും ശ്രദ്ധേയം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ യാതൊരു പങ്കും സിപിഎമ്മിനോ മറ്റ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍കോ അവകാശപ്പെടാനില്ലാതിരിക്കെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് യുക്തിസഹമായി വിശദീകരിക്കാന്‍ പാര്‍ട്ടിക്കോ പിണറായിക്കോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ചോദ്യം പ്രസക്തമാകുന്നു. ''ശബരിമലയിലെ യുവതീ പ്രവേശവും നവോത്ഥാനവും തമ്മിലെന്തു ബന്ധം?''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.