മല തുരക്കുന്നവരും മതിലുകെട്ടുന്നവരും

Thursday 6 December 2018 1:07 am IST

മല തുരക്കുന്നവര്‍ മതിലും കെട്ടുകയാണ്; മതിലിനുമുണ്ട് പ്രത്യേകത, വനിതാ മതില്‍. ചരിത്രത്തിലിടം നേടാന്‍ പാടുപെടുമ്പോള്‍ ഇങ്ങനെയൊക്കെയാണ്. സ്വയംപ്രതിമകളായിപ്പോകും.

മല തുരക്കല്‍ പുതിയ വാര്‍ത്തയല്ല. കുന്നും മലകളും തുരന്നുംമാന്തിയും ഇല്ലാതാക്കുന്ന പരിസ്ഥിതി പ്രശ്നം ഇന്ന് ആര്‍ക്കും ഉത്കണ്ഠയല്ല. ജെസിബി ബുള്‍ഡോസര്‍ സംസ്ഥാന വാഹനമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളൂ. അതിനിടയില്‍ ചരിത്രത്തില്‍ പ്രത്യേക ഇടം നേടണമെങ്കില്‍ വന്‍ മല തന്നെ തുരക്കണം; പറ്റിയത് ശബരിമലതന്നെ. അങ്ങനെയാണ് പലകാലങ്ങളായി പലരും തുരന്നുതുടങ്ങിയ ശബരിമലയുടെ സമ്പൂര്‍ണ ഇടിച്ചുനിരത്തലിന് സംസ്ഥാന സര്‍ക്കാര്‍, അല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയത്. സുപ്രീംകോടതിയില്‍നിന്ന് വീണുകിട്ടിയ 'തേങ്ങ', സ്വന്തം തലയിലേക്ക് വീഴിച്ച് നല്ലൊരു മോങ്ങലും മോങ്ങി, തുരക്കലിന് ആക്കംകൂട്ടി. സംസ്ഥാന ഭരണ സംവിധാനം മുഴുവന്‍ ദുര്‍വിനിയോഗിച്ചു. അപ്പോഴാണ് ഒരു മതിലിന്റെ കുറവ് തോന്നിച്ചത്.

മതില്‍ പ്രതീകമാണ്. രക്ഷയ്ക്കാണ് മതില്‍ എന്നാണ് സങ്കല്‍പ്പംതന്നെ. ആര്‍ക്ക് ആരില്‍നിന്നുള്ള രക്ഷ? വാസ്തവത്തില്‍ മതില്‍ സ്വയംരക്ഷതന്നെയാണ്. തുറന്നലോകത്തെ മതിലുകള്‍ സ്വയംരക്ഷിക്കാനോ ഒതുങ്ങാനോ ഉള്ളതാണ്. പേടിയാണ് മതിലിന്റെ പിന്നിലെ വികാരമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. മലയാളത്തിലെ ആദ്യത്തെ എക്‌സ്പ്രഷനിസ്റ്റ് നാടകമായ 'സമത്വവാദി'യില്‍ പുളിമാന പരമേശ്വന്‍ പിള്ള പറയുന്നുണ്ട്, നാട്ടുകാരാല്‍ ആക്രമിക്കപ്പെടുമെന്നുള്ള ഭീതിയാലാണ് വീടിന് കൂറ്റന്‍ മതിലുകള്‍ കെട്ടിയിരിക്കുന്നതെന്ന്. പിണറായി വിജയന്റെ വനിതാമതിലിനും ഈ ഗണത്തിലാണ്.

മതിലുകളെക്കുറിച്ച് ചിലത്. ചൈനയിലെ വന്‍ മതിലാണ് മതില്‍; കമ്മ്യൂണിസ്റ്റുകള്‍ അതില്‍ ഊറ്റംകൊള്ളാറുമുണ്ട്. ചന്ദ്രനില്‍നിന്ന് നോക്കിയാല്‍ ഭൂമിയില്‍ കാണാവുന്നത് ഇതുമാത്രമെന്നുവരെ പുകഴ്ത്തിയിട്ടുണ്ട്. ആരാണത് നിര്‍മ്മിച്ചത്? എന്തിനാണ്? ക്രിസ്തുവിനു മുന്‍പ് 221 ല്‍, നാട്ടുരാജാക്കന്മാരെ കൊന്നുംവെന്നും ചക്രവര്‍ത്തി ക്വിന്‍ സീ ഹുയാങ് സ്വയം സംരക്ഷണത്തിനാണ് ഉണ്ടാക്കിത്തുടങ്ങിയതും. പില്‍ക്കാലത്ത് വന്നവരെല്ലാം അത് പണിതുവലുതാക്കി. സിയോഗ്ത്സു എന്ന ആട്ടിടയ വര്‍ഗം കുടിയേറുന്നത് തടയാന്‍, പല കാലങ്ങള്‍ കുറ്റവാളികളെയും അടിമകളെപ്പോലെ കരുതിയിരുന്ന കര്‍ഷകരെയും വിനിയോഗിച്ചാണ് മതില്‍ പണിതത്. ഇന്ന്, മതില്‍ നാട്ടുകാര്‍ പല ആവശ്യങ്ങളിലായി പൊളിച്ചുകൊണ്ടു പോകുന്നു. അത് രാജ്യദ്രോഹക്കുറ്റമായാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇനി ബെര്‍ലിന്‍ മതിലിനെ സ്മരിക്കാം. ജര്‍മനികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിലായ പൂര്‍വ ജര്‍മനിയാണ് 1961-ല്‍ 155 കിലോ മീറ്റര്‍ മതില്‍ പണിതത്. മരണംപേടിച്ചിട്ട്, സ്വയം സംരക്ഷണത്തിന്. 1989-ല്‍, യൂറോപ്പിലാകെ കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ ആ മതിലും തകര്‍ന്നു. 

തമിഴ്നാട്ടില്‍ ജാതിമതിലുണ്ടായിരുന്നു, 1989 ലാണ് നിര്‍മിച്ചത്. ഹിന്ദുസമൂഹത്തിനുള്ളിലെ ജാതി മേല്‍ക്കോയ്മയുടെ പേരില്‍. സംഘര്‍ഷവും സംഘട്ടനവും ഉണ്ടായി, ഒടുവില്‍ ഒരു വിഭാഗത്തെ വിലക്കിക്കൊണ്ട് 30 മീറ്റര്‍ മതിലുണ്ടാക്കുകയായിരുന്നു. 2008ല്‍ മധുര ജില്ലാ ഭരണകൂടം മതില്‍ പൊളിച്ചു. 

കേരളത്തില്‍, എറണാകുളത്ത് ഇങ്ങനെയൊരു 'ഇല്ലാമതില്‍ ഉണ്ടെന്നുവരുത്തി' പൊളിച്ചത് വാര്‍ത്തയായിരുന്നു, ഈ വര്‍ഷം; പുത്തന്‍കുരിശിനടുത്ത് വടയമ്പാടിയില്‍. എന്‍എസ്എസ് വക ക്ഷേത്രം കെട്ടിയ മതിലിനെ ചിലര്‍ ജാതിമതിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. 

പക്ഷേ മതിലുകളില്ലാത്ത ലോകമാണ് മനോഹരം. എതു തരത്തിലായാലും, ഏതാവശ്യത്തിനായാലും. 

പിണറായി വിജയന്‍, വിപ്ലവമാക്കാനാണ് 2019 ജനുവരി ഒന്നിന് വനിതാ മതില്‍ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചത്. അത് വിശ്വാസങ്ങള്‍ക്കെതിരെ അല്ല, ശബരിമലയിലെ യുവതീ പ്രവേശനത്തിനു വേണ്ടിയല്ല, കേരള നവോത്ഥാനത്തിന് വേണ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, എന്തുകൊണ്ട് നവോത്ഥാനത്തിന് വനിതകള്‍ മാത്രമുള്ള മതിലെന്നതിന് വിശദീകരണമില്ല. എന്തുകൊണ്ട് നവോത്ഥാനത്തിന്, നിയന്ത്രണത്തിന്റെയും സങ്കുചിതത്വത്തിന്റെയും പ്രതീകമായ മതിലെന്നതിനുമില്ല വിശദീകരണം. എന്തുകൊണ്ട്, ഇതിന് രൂപം കൊടുത്ത നടത്തിപ്പുസമിതിയില്‍ ഇതര മതസ്ഥരുടെ നേതൃത്വത്തെ ഉള്‍പ്പെടുത്തിയില്ല, അവരെ രൂപീകരണ യോഗത്തില്‍ ക്ഷണിച്ചില്ല? എന്തുകൊണ്ട് കത്തോലിക്കാ സമൂഹത്തിന്റെ മേധാവി ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ കൂട്ടിയില്ല? എന്തുകൊണ്ട് ഇസ്ലാമിക മത വിഭാഗത്തിലൊന്നിന്റെ തലപ്പത്തുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ ക്ഷണിച്ചില്ല. അവരൊക്കെ നവോത്ഥാന വിരുദ്ധരാണെങ്കില്‍ പോകട്ടെ. പക്ഷേ, എന്തുകൊണ്ട് കന്യാസ്ത്രീകളുടെ രക്ഷയ്ക്ക് തെരുവില്‍ പൊരുതുന്ന, മിഷണറീസ് ഓഫ് ജീസസിന്റെ മുഖ്യപ്രവര്‍ത്തക സിസ്റ്റര്‍ അനുപമയെയും സ്ത്രീകള്‍ക്കും മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന നയിക്കാന്‍ അവകാശം വേണമെന്നാവശ്യപ്പെടുന്ന ജാമിദാ ബീവിയെയും ക്ഷണിച്ചില്ല, കമ്മിറ്റിയില്‍ ചേര്‍ത്തില്ല. 

കമ്മ്യൂണിസ്റ്റ് സര്‍ക്കാരും പാര്‍ട്ടിയും കാലങ്ങളായി ദ്രോഹിച്ചിട്ടുള്ള എണ്ണമറ്റ സ്ത്രീകളുണ്ട്, അവര്‍ മതിലില്‍ ചേരുമോ ചേര്‍ക്കുമോ എന്നറിയില്ല. സിപിഎമ്മുകാര്‍ ജീവിതം വെട്ടിവീഴ്ത്തിയ കെ.കെ. രമയും സിപിഎം ഭരണ നിര്‍ദ്ദേശ പ്രകാരം ഇരുമുടിക്കെട്ടിനൊപ്പം പോലീസ് വലിച്ചിഴച്ച കെ.പി. ശശികല ടീച്ചറും മതിലില്‍ ചേര്‍ന്നാലല്ലേ നവോത്ഥാന മതില്‍ പൂര്‍ണമാകൂ.

മതില്‍ മണ്ണും ചുടുകട്ടയും സിമന്റും വെള്ളവും ചേര്‍ത്തുണ്ടാക്കുന്നതാണെങ്കിലും വിഭജിക്കുന്നതുതന്നെയാണല്ലോ. അതിലേറെ സമൂഹത്തെ വിഭജിക്കും ഈ മതില്‍. അത് കക്ഷി രാഷ്ട്രീയത്തിന്റെ എഞ്ചിനീയര്‍മാര്‍ പണിയുമ്പോള്‍ അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ക്കില്ലെന്ന് ഉറപ്പായി, ചേര്‍ക്കുന്നത് വ്യാജമായിരിക്കുമെന്നും വേണ്ട അളവില്‍ ആയിരിക്കില്ലെന്നും. അതുകൊണ്ടുതന്നെ തകര്‍ന്നു വീഴുന്ന മതില്‍ കേരളീയ മനസില്‍ മുറിവേല്‍പ്പിക്കും, നാടുമുടിക്കും.

വനിതാ മതില്‍ പണിയുന്നത് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തില്‍ ഒമ്പതുപേരാണ്. വെള്ളാപ്പള്ളി നടേശന്‍ മുഖ്യ കൈക്കാരന്‍. ഒഎന്‍വി കുറുപ്പിന്റെ പ്രസിദ്ധമായ 'അമ്മ' എന്ന കവിതയുണ്ട്. സഹോദരങ്ങളായ ഒമ്പതു കല്‍പ്പണിക്കാര്‍ ചേര്‍ന്ന് മതിലുകെട്ടുന്ന കഥയാണ്. മതിലുറയ്ക്കാന്‍ വനിതയെ നരബലി കൊടുക്കുന്ന കഥ. തന്നെ ജീവനോടെ ചേര്‍ത്ത് മതിലുകെട്ടാന്‍ പോകുന്നുവെന്നറിഞ്ഞ യുവതിയായ അമ്മ, പണിക്കാരില്‍ മൂത്തയാളുടെ ഭാര്യ പറയുന്ന അപേക്ഷയുണ്ട്. കുഞ്ഞിന് മുലയൂട്ടാന്‍ വേണ്ടി, കെട്ടിമറയ്ക്കൊല്ലെന്‍ പാതിനെഞ്ചം, കെട്ടിമറയ്ക്കൊല്ലെന്‍ കൈകള്‍ രണ്ടും,''എന്ന്. പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് വനിതകളെ ഒഴിവാക്കി കെട്ടിമറയ്ക്കുന്ന പിണറായി മതില്‍ നവോത്ഥാനത്തിനല്ല, വന്‍ ധ്രുവീകരണത്തിനാണെന്നാണ് മഹാഭൂരിപക്ഷം ആശങ്കപ്പെടുന്നത്. വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പാലുറവകള്‍ സമൂഹത്തില്‍നിന്ന് ഇല്ലാതാക്കാനല്ലേ വനിതാ മതിലിന് കഴിയൂ എന്നാണ് ആ ആശങ്ക.

പിന്‍കുറിപ്പ്: വൈലോപ്പിള്ളിയുടെ പ്രശസ്തമായ കവിതയുണ്ട്, മലതുരക്കല്‍. അച്ഛനും മകനും ഇരുവശത്തായി വലിയ മല തുരക്കുകയാണ്. ഒടുവില്‍ തമ്മില്‍ മുട്ടാറായി, ആയുധങ്ങള്‍ കല്ലില്‍ മുട്ടുന്ന ശബ്ദം ഇപ്പുറം കേട്ടപ്പോള്‍ മകന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു-''അപ്പനെന്നൊച്ചയങ്ങ് കേള്‍ക്കാമോ?.....'' അച്ഛന്‍ പ്രതിവചിച്ചു, ''അപ്പനേ എനിക്ക് അസ്സലായ് കേള്‍ക്കാം.'' ശബരി മലതുരക്കുന്നവരുടെ ശബ്ദം ഇങ്ങനെ: ''എരുമേലിയില്‍ വിമാനത്താവളത്തിന് അനുമതിക്ക് പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിച്ചിട്ടുണ്ട്: മുഖ്യമന്ത്രി. ''ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റെടുത്തോളൂ: കെ.പി. യോഹന്നാന്‍.'' 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.