ഇന്ത്യXഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍ അഡ്‌ലെയ്ഡില്‍

Thursday 6 December 2018 3:19 am IST

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാവുന്നത്. സ്വന്തം മണ്ണില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിനുശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് ഇംഗ്ലണ്ടിനോട് അവിടെ ചെന്ന് തോറ്റിരുന്നു.

കളിക്ക് ഒരു ദിവസം മുന്‍പ് ഇന്ത്യ 12 അംഗ ടീമിനെയും ഓസ്‌ട്രേലിയ ആദ്യ ഇലവനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മ്മയോ ഹനുമ വിഹാരിയോ ആറാമനായി ബാറ്റിങ്ങിനിറങ്ങും.  പരിക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം കെ.എല്‍. രാഹുലും മുരളി വിജയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. പിന്നാലെ ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ എന്നിവരും എത്തും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് ആദ്യ ഇലവനില്‍ ഉണ്ടാവുക. ബൗളര്‍മാരായി ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം സ്പിന്നറായി അശ്വിനും.

എന്നാല്‍ അഞ്ചാം ബൗളറെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചാല്‍ രോഹിതിനെ മറികടന്ന് ഓഫ് സ്പിന്നര്‍ കൂടിയായ വിഹാരി ടീമിലെത്തും. ഇംഗ്ലണ്ടില്‍ ഓവല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിങ്ങ്സില്‍ 56 റണ്‍സും 37 റണ്‍സിന് മൂന്ന് വിക്കറ്റും വിഹാരി വീഴ്ത്തിയിരുന്നു.

കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ആത്മവിശ്വാസം. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉജ്ജ്വല ഫോമിലാണ്. ഒപ്പം മുരളി വിജയും രാഹുലും പൂജാരയും രഹാനെയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഓസീസ് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് കഴിയും.

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ ശൗര്യം കുറഞ്ഞ ടീമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളിലും തകര്‍ത്തെറിഞ്ഞാല്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ടീം ഇന്ത്യയുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത്തവണ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ചെന്ന് പരമ്പര നേടാമെന്ന വിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും.

ഇന്ന് ഓസീസിനെതിരെ ഇറങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനരികലാണ്. ഓസ്‌ട്രേലിയില്‍ ആയിരം ടെസ്റ്റ് റണ്‍സ് തികയ്ക്കാന്‍ ഈ നായകന് ഇനി കേവലം എട്ട് റണ്‍സ് മാത്രം മതി. ഓസീസ് മണ്ണില്‍ കളിച്ച എട്ട് ടെസ്റ്റില്‍ കോഹ്‌ലി 992 റണ്‍സ് നേടി.

ആദ്യ ടെസ്റ്റില്‍ തന്നെ കോഹ്‌ലി ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഓസീസില്‍ ആയിരം റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണവര്‍.

കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ വിദേശമണ്ണില്‍ രണ്ടായിരം റണ്‍സ് കുറിക്കാന്‍ കോഹ്‌ലിക്ക് ഇനി പതിമൂന്ന് റണ്‍സ് മതി. 

2014-15 സീസണിലാണ് ഇന്ത്യ അവസാനം ഓസീസില്‍ പര്യടനം നടത്തിയത്. അന്ന് കളിച്ച നാല് ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി നാല് സെഞ്ചുറിയുള്‍പ്പെടെ 692 റണ്‍സ് നേടി.

ദുബായിയില്‍ പാക്കിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-0ന് തോറ്റശേഷമാണ് കങ്കാരുക്കള്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയാണ് ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഹാരിസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 

മൂന്നാം നമ്പറില്‍ ഉസ്മാന്‍ ഖവാജയും നാലാം നമ്പറില്‍ ഷോണ്‍ മാര്‍ഷും ഇറങ്ങും. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം അഞ്ചാം നമ്പറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെ ഉള്‍പ്പെടുത്തി. നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ഓസ്ട്രേലിയ കളിക്കുക. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ നഥാന്‍ ലിയോണും പന്തെറിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.