സ്‌കൂള്‍ കലോത്സവം നാളെ മുതല്‍

Thursday 6 December 2018 3:03 am IST

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശീല ഉയരും. രജിസ്‌ട്രേഷന്‍ നടപടി ഇന്നു രാവിലെ ആരംഭിക്കും. കലോത്സവം ഒമ്പതിന് സമാപിക്കും. മുന്‍കാലങ്ങളില്‍ ഏഴു ദിവസങ്ങളിലായി നടന്ന കലോത്സവമാണ് ഇത്തവണ മൂന്നുദിവസമായി ചുരുക്കിയത്.

 29 വേദികളിലായി 188 ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. പന്ത്രണ്ടായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. 34 കേന്ദ്രങ്ങളിലായാണ് രജിസ്‌ട്രേഷന്‍ നടക്കുക. പന്തലുകള്‍ പരമാവധി ഒഴിവാക്കി, സ്‌കൂള്‍ ഓഡിറ്റോറിയങ്ങളിലാണ് മത്സരങ്ങള്‍. സാമ്പത്തിക പരാധീനതയും ആസൂത്രണമില്ലായ്മയും കലോത്സവ നടത്തിപ്പിനെ സാരമായി ബാധിച്ചു. 

 ആലപ്പുഴ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂളുകളാണ് മത്സരവേദികള്‍. കലാവിസ്മയത്തിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആലപ്പുഴ ഇതുവരെ ഉണര്‍ന്നിട്ടില്ല. ഇന്നു മുതല്‍ തന്നെ വിവിധ ജില്ലകളില്‍ നിന്നായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും എത്തിത്തുടങ്ങും. 

 അറവുകാട് മുതല്‍ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനസമ്മേളനം, സമാപന സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, ട്രോഫി വിതരണം എന്നിവ ഒഴിവാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാകും നല്‍കുക. നാളെ രാവിലെ പതാക ഉയര്‍ത്തലിനുശേഷം 59 വിളക്കുകള്‍ തെളിയിക്കുന്നതോടെ കലോത്സവത്തിനു തുടക്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.