വനവാസികള്‍ക്ക് വീട്; കേന്ദ്രം നല്‍കിയത് 2002, കേരളം പണിതത് 64

Thursday 6 December 2018 3:14 am IST

തിരുവനന്തപുരം: വനവാസികളോടും കേന്ദ്ര പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ നേര്‍ചിത്രം വ്യക്തമാക്കുന്ന രേഖ നിയമസഭയില്‍. പ്രധാനമന്ത്രി ആവാസ് യോജന സംബന്ധിച്ച് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ രേഖാമൂലം നല്‍കിയ മറുപടിയിലെ കണക്കുകള്‍ സംസ്ഥാനത്തിന്റെ വനവാസി വിരുദ്ധ സമീപനം തെളിയിക്കുന്നു.

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2017-18 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വനവാസികള്‍ക്ക് 2002 വീടുകള്‍ നിര്‍മിക്കാനാണ് അനുമതി ലഭിച്ചത്. കേരളം ഇതുവരെ പണി പൂര്‍ത്തീകരിച്ചത് 64 എണ്ണം മാത്രം. വെറും മൂന്നു ശതമാനം. ഇത്ര വീട് എന്ന ലക്ഷ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുമതി നല്‍കും. വനവാസികള്‍ക്കായി  കേരളം ഇതുവരെ 187 വീടുകള്‍ക്ക് മാത്രമാണ് അംഗീകാരം നേടിയിരിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കുമായി 67,328 വീടുകളാണ് കേരളത്തിന്റെ ലക്ഷ്യമായി കേന്ദ്രം അനുവദിച്ചത്. ഇതില്‍ 57,476 വീടുകളും നഗര മേഖലയിലാണ്. ഗ്രാമീണമേഖലയ്ക്ക് അനുവദിച്ച 9,872 വീടുകളിലാണ് വനവാസികള്‍ക്കുള്ള 2002 ഉള്‍പ്പെടുന്നത്. പട്ടിക ജാതി- 3921, ന്യൂനപക്ഷം 2725, പൊതുവിഭാഗം 1224 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് അനുവദിച്ച വീടുകള്‍. ഇതില്‍ പട്ടിക ജാതിയുടെ 529 വീടുകളും ന്യൂനപക്ഷത്തിന്റെ 566 വീടുകളുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൊതു വിഭാഗത്തില്‍ 917 വീടുകളും നിര്‍മിച്ചു.

ഗ്രാമ നഗരമേഖലകളിലായി അനുവദിച്ച 67,328 വീടുകളില്‍ പണി പൂര്‍ത്തീകരിച്ചത് 4,162 മാത്രമാണെന്നും (ആറു ശതമാനം) കണക്കുകള്‍ വ്യക്തമാക്കുന്നു. ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കിലും 2018-19 സാമ്പത്തിക വര്‍ഷവും കേരളത്തിന് പ്രധാനമന്ത്രി ആവാസ് യോജനയില്‍ 82487 വീടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ഇതില്‍ 8,666 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുണഭോക്താവിന് നാലു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ്  പ്രധാനമന്ത്രി ആവാസ് യോജന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.