പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരില്ല

Thursday 6 December 2018 2:15 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതരായി കുതിക്കുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി എവേ മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു. സിറ്റിക്കായി ലിറോയ് സാനേ, മഹ്‌രെറസ് എന്നിവര്‍ ഗോളുകള്‍ നേടി.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന സിറ്റിക്ക് കൂടുതല്‍ മികച്ച വിജയം നിഷേധിച്ചത് വാറ്റ്‌ഫോര്‍ഡ് ഗോളിയുടെ മിന്നുന്ന പ്രകടനമായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച സിറ്റി ആദ്യം ലീഡ് നേടിയത് 40-ാം മിനിറ്റില്‍. റിയാദ് മഹ്‌രെറസിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് സാനേ വലയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് 51-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ഒരുക്കിയ അവസരത്തില്‍ നിന്ന് മഹ്‌രെറസിന്റെ ഇടംകാല്‍ ഷോട്ടും വാറ്റ്‌ഫോര്‍ഡ് വലയിലെത്തി. 85-ാം മിനിറ്റിലാണ് വാറ്റ്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ പിറന്നത്. വിജയത്തോടെ 15 കളികളില്‍ നിന്ന് 13 ജയവും രണ്ട് സമനിലയുമടക്കം 41 പോയിന്റുമായാണ് സിറ്റി കിരീടം ലക്ഷ്യമാക്കി കുതിക്കുന്നത്.

മറ്റ് മത്സരങ്ങളില്‍ വെസ്റ്റ്ഹാം യുണൈറ്റഡ് 3-1ന് കാര്‍ഡിഫ് സിറ്റിയെയും ബ്രൈറ്റണ്‍ ആല്‍വസ് ഇതേ മാര്‍ജിനില്‍ ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കിയപ്പോള്‍ ബേണ്‍സ്മൗത്ത് 2-1ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും പരാജയപ്പെടുത്തി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.