കേരള പ്രീമിയര്‍ ലീഗിന് 16ന് കിക്കോഫ്

Thursday 6 December 2018 2:16 am IST

കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന് 16ന് തുടക്കമാകും. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആര്‍എഫ്‌സി കൊച്ചി-കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമുമായി ഏറ്റുമുട്ടും. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തിലായിരിക്കും മത്സരങ്ങളെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാര്‍. രാംകോ സിമന്റ്‌സാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. 

മുന്‍വര്‍ഷത്തെപ്പോലെ പതിനൊന്ന് ടീമുകളാണ് ഇത്തവണയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കളിച്ച കേരള പോലീസ്, പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രല്‍ എക്‌സൈസ് ടീമുകള്‍ ഈ സീസണില്‍ ഇല്ല. പകരം കോവളം എഫ്‌സി,  ഇഇ സ്‌പോര്‍ട്ടിങ് ക്ലബ് (ആര്‍എഫ്‌സി കൊച്ചി), ഇന്ത്യന്‍ നേവി, ഗോള്‍ഡണ്‍ ത്രഡ് എഫ്‌സി ടീമുകള്‍ ഇത്തവണ കളിക്കുന്നു.

ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. സെമിയും ഫൈനലും ഉള്‍പ്പെടെ ആകെ 53 മത്സരങ്ങള്‍.

ഗ്രൂപ്പ് എയില്‍ ആര്‍എഫ്‌സി കൊച്ചി, സാറ്റ് തിരൂര്‍, എസ്ബിഐ തിരുവനന്തപുരം, എഫ്‌സി തൃശ്ശൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (റിസര്‍വ്) ഇന്ത്യന്‍ നേവി എന്നീ ടീമുകള്‍ ആണുള്ളത്. ഗോകുലം എഫ്‌സി, കോവളം എഫ്‌സി, എഫ്‌സി കേരള, ക്വാര്‍ട്‌സ് എഫ്‌സി, ഗോള്‍ഡന്‍ ത്രെഡ് എഫ്‌സി എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നു. വിജയികള്‍ക്ക് മൂന്നുലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഒന്നരലക്ഷം രൂപയും ആണ് സമ്മാനം.

രാംകോ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) ബാലാജി കെ. മൂര്‍ത്തി, ബ്രാന്‍ഡ് മാനേജ്‌മെന്റ് ജനറല്‍ മാനേജര്‍ രമേശ് ഭരത്, മാര്‍ക്കറ്റിങ്ങ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രഞ്ജിത് ജേക്കബ് മാത്യൂസ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കെഎഫ്എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍. പി തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.