ക്രീസില്‍ ഇനിയില്ല ഗാംഭീര്യം

Thursday 6 December 2018 3:16 am IST

കളത്തില്‍ വലിയ ചാരുതയൊന്നുമില്ല, പക്ഷെ, ബൗളര്‍മാരെ നിരാശരാക്കാനുള്ള കരുത്തുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചോയെന്ന് സംശയം. എന്നാല്‍, തുടരെ അഞ്ച് ടെസ്റ്റില്‍ സെഞ്ചുറി നേടിയ നാലു പേരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ടെസ്റ്റ് ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

എം.എസ്. ധോണിക്കു കീഴില്‍ ഇന്ത്യ രണ്ട് ലോകകപ്പുകളില്‍ കൈയൊപ്പ് ചാര്‍ത്തിയപ്പോള്‍, അതില്‍ ബാറ്റുകൊണ്ട് നിറകുടമായി ഗംഭീര്‍. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ 54 പന്തില്‍ 75 റണ്‍സുമായി ടോപ് സ്‌കോററായി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ 122 പന്തില്‍ 97 റണ്‍സ് നേടി വീണ്ടും ചരിത്രത്തിന്റെ ഭാഗമായി ദല്‍ഹിയുടെ ഈ ഇടംകൈയന്‍ ഓപ്പണര്‍. രണ്ട് കിരീടനേട്ടത്തിലും ഗംഭീറിന്റെ ഇന്നിങ്‌സ് ക്രിക്കറ്റ്‌പ്രേമികളുടെ മനസില്‍ മായാനിമിഷങ്ങളുമായി.

ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ അഞ്ച് ടെസ്റ്റില്‍ സെഞ്ചുറിയെന്ന നേട്ടം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പം പങ്കുവയ്ക്കുന്നു ഇദ്ദേഹം. ജാക് കാലിസ്, മുഹമ്മദ് യൂസഫ് എന്നിവര്‍ മറ്റുള്ളവര്‍. കളിക്കളത്തിലും പുറത്തും കലഹിക്കുന്ന സ്വഭാവമാകാം അര്‍ഹിക്കുന്ന വിടവാങ്ങലിന് ഗംഭീറിനെ തുണയ്ക്കാതിരുന്നത്. നായക മികവിലും ഒരുപിടി മുന്നിലെന്ന് ഗംഭീര്‍ തെളിയിച്ചു. ആറ് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ഇദ്ദേഹത്തിന്റെ വിജയശതമാനം സമ്പൂര്‍ണം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ള രണ്ട് ഐപിഎല്‍ കിരീടങ്ങളും ഇതിനു സാക്ഷ്യം. 

2003ല്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഗംഭീര്‍ തുടക്കത്തില്‍ തന്നെ പല വിമര്‍ശനങ്ങളും നേരിട്ടു. കളിക്കളത്തിലെ പെരുമാറ്റത്തിന് പിഴയടച്ച ചരിത്രവുമുണ്ട്. എന്നാല്‍, കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയ ഇദ്ദേഹം, ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമായി. ആക്രണോത്സുകതയില്‍ പുതിയ മാനങ്ങളെഴുതിച്ചേര്‍ത്ത വിരേന്ദര്‍ സെവാഗിനൊപ്പം ഇന്നിങ്‌സ് തുറന്ന ഗംഭീര്‍ പല കളികളിലും ഇന്ത്യയെ താങ്ങിനിര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമാണ് ഇപ്പോഴും ഇവര്‍. 87 ടെസ്റ്റില്‍ 52.52 ശരാശരിയില്‍ 4412 റണ്‍സ് നേടി ഇവര്‍.

ഇന്ത്യ വിജയിച്ച പല മത്സരങ്ങളുടെയും ഒരറ്റത്ത് പലപ്പോഴും ഗംഭീറിന്റെ ചെറുത്തുനില്‍പ്പുണ്ടായിരുന്നു. വിദേശ മണ്ണില്‍ കാലിടറുന്ന ഇന്ത്യന്‍ ടീമിന്റെ വേറിട്ടമുഖമാകാന്‍ ഗംഭീറിന് സാധിച്ചു. 2009ല്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സമാനുള്ള ഐസിസി പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തി. 

റണ്‍വേട്ടക്കാരുടെ നിരയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഗംഭീറിന് പക്ഷെ, സമീപകാലം തിരിച്ചടികളുടേതായിരുന്നു. യുവതലമുറയ്ക്ക് ടീമിലെ സ്ഥാനവും നായകന്റെ കുപ്പായവും കൈമാറി കഴിഞ്ഞ സീസണോടെ ഐപിഎല്ലിനോടും വിടചൊല്ലി. ഇന്ത്യന്‍ ടീമിലൊരു തിരിച്ചുവരവ് മോഹിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റേന്തി മികച്ച പ്രകടനം നടത്തിയെങ്കിലും, ഇപ്പോഴത്തെ യുവതലമുറയുടെ പോരാട്ടവീര്യത്തോട് കിടപിടിക്കന്‍ അതു മതിയാകുമായിരുന്നില്ല. ആ ഒരു തിരിച്ചറിവാകാം പടിയിറങ്ങാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചത്. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.