ആവശ്യപ്പെട്ടതിലേറെ നല്‍കി കേന്ദ്രം; കേരളത്തിന് 3000 കോടി

Thursday 6 December 2018 3:46 pm IST
കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.

ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ നേരിട്ട കേരള ജനതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ തുടരുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അധിക ധനസഹായമായി മൂവായിരം കോടിയിലേറെ രൂപയാണ് കേന്ദ്രം അനുവദിച്ചത്.  3,048. 39 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി തീരുമാനിച്ചു. 

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി 2,500 കോടി രൂപ അധിക സഹായം നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയ ഫയലിലാണ് 3,048 കോടി കൈമാറാന്‍ കേന്ദ്രതീരുമാനമെന്നത് ശ്രദ്ധേയമാണ്. 

മഹാപ്രളയ സമയത്ത് ആദ്യഘട്ടമായി 600 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിരുന്നു. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുവദിച്ച ധസഹായം 3,648 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ കേന്ദ്രവിഹിതമായുണ്ടായിരുന്ന 432 കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക ലഭിച്ചിരിക്കുന്നത്. 

ആഭ്യന്തരമന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മയുടെ അധ്യക്ഷതയിലുള്ള മന്ത്രാലയ സമിതി കേരളത്തില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിലുള്ള മന്ത്രാലയ സമിതി വിലയിരുത്തിയ ശേഷം കേരളത്തിന് 2,500 കോടി രൂപ എങ്കിലും പ്രളയ ദുരിതാശ്വാസമായി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയോട് ശുപാര്‍ശ ചെയ്തു. ഇതു പരിഗണിക്കവേയാണ് ആഭ്യന്തര സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്തതിനേക്കാള്‍ 548 കോടി രൂപ അധികമായി കേരളത്തിന് അനുവദിച്ചിരിക്കുന്നത്. 

രാജ്‌നാഥ് സിങ്ങിന് പുറമേ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തരം, ധനകാര്യം, കൃഷി മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രകൃതിക്ഷോഭം നേരിടുന്നതിനായി നാഗാലാന്‍ഡിന് 131.16 കോടിരൂപയും, ആന്ധ്രാപ്രദേശിന് 539.52 കോടി രൂപയും അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് 2,000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിമാന ഇന്ധന ഇനത്തില്‍ 25 കോടി രൂപയുടെ ബില്ല് വ്യോമസേന സംസ്ഥാന സര്‍ക്കാരിന് നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിനിടെയാണ് കേരളം ആവശ്യപ്പെട്ടതിലും ആയിരം കോടി രൂപ അധികധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.