ന്യൂദല്‍ഹി: ഫോട്ടോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളില്‍ ഒന്നാമന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്.
ലോക നേതാക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ ഏറ്റവും കൂടുതല്‍ ‘ലൈക്ക്’ ലഭിച്ചത് മോദിക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹശേഷം മോദിയെ സന്ദര്‍ശിച്ചിരുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്തതിന് ലഭിച്ചത് 18,34,707 ‘ഹൃദയചിഹ്നങ്ങള്‍’. ഈ ചിത്രം കണ്ടതാകട്ടെ 550 ലക്ഷം പേര്.
ഏററവും കൂടുതല്‍ പേര് കണ്ട രണ്ടാമത്തെ ഫോട്ടോ പോസ്റ്റ് ചെയ്തതും മോദി. ഈ വര്‍ഷം ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെയെടുത്ത ഫോട്ടോയാണിത്. ദാവോസിലെ മഞ്ഞുമൂടിയ ഒരു ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പടത്തിനു താഴെ പതിഞ്ഞ ലൈക്കുകള്‍ 16,35,978.
അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബര്‍സണ്‍ മാര്‍സ്റ്റെല്ലര്‍ നടത്തിയ ട്വിറ്റര്‍ ഡിപ്ലോമസി പഠനത്തിലാണ് മോദിയുടെ ആഗോള സ്വീകാര്യത വെളിപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമിലെ ജനപ്രിയതയില്‍ രണ്ടാമതെത്തിയ ലോകനേതാവ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോവോ. മൂന്നാമതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനം. ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജോര്‍ദാന്‍ രാജ്ഞി റെയ്ന, ബ്രിട്ടീഷ് രാജകുടുംബം തുടങ്ങിയവര്‍ ഈ പട്ടികയിലെ ആദ്യ പത്തു പേരുകളില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: