മിഷേല്‍, ഗാന്ധി കുടുംബത്തിന്റെ അടുത്തയാള്‍

Thursday 6 December 2018 6:03 pm IST

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിച്ച മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ എണ്‍പതുകള്‍ മുതല്‍ ഗാന്ധികുടുംബത്തിന്റെ അടുത്തയാളായി ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തി.

ഇന്ത്യയുടെ വ്യോമയാന, പ്രതിരോധ മേഖലകളില്‍ മിഷേലിന് വലിയ സ്വാധീനമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്. അഗസ്ത വെസ്റ്റ് ലാന്‍ഡ് കേസില്‍ മറ്റു രണ്ട് ഇടനിലക്കാരായ ഗൈഡോ ഹാസ്‌ചെ, കാര്‍ലോ ഗെരോസ എന്നിവര്‍ക്കൊപ്പം മിഷേലും പ്രതിപ്പട്ടികയിലുണ്ട്. 

മൂവര്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത മിഷേലിനെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുകയായിരുന്നു. ഇതിന് ദുബായ് കോടതി അന്തിമ അനുമതിയും നല്‍കിയിരുന്നു. ഇയാളുടെ ഡയറി അടക്കമുള്ള നിര്‍ണായക തെളിവുകള്‍ ഇറ്റാലിയന്‍ പോലീസ് വഴി സിബിഐക്ക് ലഭിച്ചിട്ടുണ്ട്. 

പ്രസിഡന്റ്, പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികള്‍ക്കായി അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് പന്ത്രണ്ട് അത്യന്താധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 3,727 കോടി രൂപയുടെ കരാറാണ് യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ചത്. വ്യവസ്ഥകളില്‍ ഇളവ് നല്‍കി അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്് തന്നെ കരാര്‍ ലഭിക്കുന്നതിന് 452 കോടി രൂപ ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് കേസ്.

മുന്‍ വ്യോമസേനാ തലവന്‍ എസ്.പി ത്യാഗി അടക്കം കേസിലെ പ്രതികളാണ്. സോണിയാഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും 115 കോടി രൂപ കൈക്കൂലി ലഭിച്ചെന്നാണ് മിഷേലിന്റെ തന്നെ ഡയറി രേഖകളിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.