മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടാനുള്ളതോ?

Friday 7 December 2018 3:09 am IST
ആചാരങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണെന്നു മുഖ്യമന്ത്രി പറയുന്നു. മനുഷ്യാവകാശങ്ങളും അങ്ങനെതന്നെ ആണെന്നാവുമോ വിചാരം? ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ കണ്ടാല്‍ തോന്നുക അതാണ്. ഇതിനൊക്കെ ആരാണ് ഈ സര്‍ക്കാരിന് അധികാരം കൊടുത്തത്?

അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശങ്ങള്‍. ലോകത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഒഴികെ മറ്റെല്ലാ ജനാധിപത്യ രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പുനല്‍കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മത-ആരാധനാ സ്വാതന്ത്ര്യം, വിവേചനങ്ങളില്‍ നിന്നുമുള്ള സംരക്ഷണം എന്നിങ്ങനെ നീളുന്നു മനുഷ്യാവകാശങ്ങളുടെ പട്ടിക. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നിലവില്‍ വന്ന തീയതിയാണ് നാം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്.

കേരളത്തില്‍ നില നിന്നിരുന്ന ജാതി വിവേചനങ്ങളടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ഉന്മൂലനം ചെയ്യാന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും നടത്തിയ ശ്രമങ്ങള്‍ ഓര്‍മിക്കപ്പെടേണ്ട സമയമാണിത്. ക്ഷേത്ര നടകളില്‍ക്കൂടി നടക്കാനും ക്ഷേത്ര ആരാധനയില്‍ പങ്കെടുക്കാനും വിശ്വാസങ്ങള്‍ സംരക്ഷിക്കാനും നാം ഏറെ യാതന സഹിച്ചിട്ടുണ്ട്. മഹത്തായ ക്ഷേത്ര പ്രവേശന പ്രഖ്യാപനത്തിലൂടെ നാം നേടിയത് ക്ഷേത്രാരാധനക്കുള്ള അവകാശം മാത്രമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്ഷേത്രങ്ങള്‍ ഇന്നും രാഷ്ട്രീയക്കാരുടെയും സര്‍ക്കാരിന്റെയും നിയന്ത്രണത്തിലാണ് എന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്. 

ഇന്ത്യന്‍ ഭരണഘടനയും സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പു വരുത്തുന്ന മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അയ്യപ്പ ഭക്തര്‍ക്ക് നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെല്ലാം തീവ്രവാദികളാണ് എന്നും അവരെ തീവ്രവാദികളെ നേരിടുന്ന പോലെ ആയുധം കൊണ്ട് നേരിടണം എന്നും പറയുന്നത് അംഗീകരിക്കാനാവില്ല. ഇരുമുടികെട്ടുമായി മലകയറാന്‍ എത്തുന്നവരെ അവരുടെ ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിച്ച് അറസ്റ്റു ചെയ്യുന്ന രീതിയും മനുഷ്യാവകാശ നിഷേധമാണ്.

നാമജപത്തിനു പോലുമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രാത്രികാലങ്ങളില്‍ പോലും അറസ്റ്റുചെയ്തു കൊണ്ട് പോകുന്ന രീതിയും കടുത്ത മനുഷ്യാവകാശ  നിഷേധമാണ്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള അവകാശം മാത്രമല്ല കുടിവെള്ളവും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യവും പോലും നിഷേധിക്കുന്നത് നാം കണ്ടതാണ്. നാമജപത്തെ തെറിജപമായി ചിത്രീകരിച്ച് മന്ത്രിമാര്‍ പോലും രംഗത്തു വന്നെങ്കിലും സമചിത്തത കൈവിടാതെ സമാധാന പരമായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്കു കഴിഞ്ഞതില്‍ അഭിമാനിക്കാം.

ജനകോടികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയില്‍ യാതൊരു തരത്തിലും ഉള്ള വിവേചനം  നിലവിലില്ല. ജാതി മത ഭേദമന്യേ ആരാധന നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. എല്ലാ വര്‍ഷവും ലക്ഷകണക്കിന് സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തുന്ന ഈ പുണ്യ സങ്കേതത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി.

പൊതുവേ ആര്‍ത്തവ കാലഘട്ടത്തില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്താറില്ല. ആര്‍ത്തവത്തിന്റെ പേരില്‍ അവിശ്വാസികള്‍ നടത്തുന്ന പ്രചരണങ്ങള്‍ വിശ്വാസ സമൂഹം തള്ളിക്കളയുമെന്നതില്‍  സംശയമില്ല. ശബരിമലയില്‍ മാത്രമാണ് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണമുള്ളത്. 1991ലെ ഹൈ ക്കോടതി വിധി ശരിവച്ച ഈ നിയന്ത്രണത്തിനെതിരെ ഒരുസംഘം യുവ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത് തന്നെ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നതും സംശയത്തിനു ഇടയാക്കുന്നു. 

ഒരു മതേതര രാഷ്ട്രം മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പ്രത്യേകിച്ച് ഹിന്ദുമത ആരാധനാലയങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള  നീക്കം. ക്ഷേത്രങ്ങളില്‍ ഓരോ ഹിന്ദുമത വിശ്വാസിയും ചിലവാക്കുന്ന തുകയുടെ വിവരങ്ങള്‍ അറിയണമെങ്കില്‍ വിവരാവകാശം മാത്രമേ ആശ്രയമുള്ളൂ.  ദേവസ്വത്തില്‍ നടക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പത്ര മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ബോര്‍ഡ് തയ്യാറാകേണ്ടതല്ലേ?

ദര്‍ശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റു ചെയ്യുന്ന രീതി തന്നെ മനുഷ്യാവകാശ ലംഘനമാണ്. ഒരു  ഭക്തയെ അര്‍ദ്ധരാത്രി ബലമായി അറസ്റ്റുചെയ്ത പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കേരള പോലീസ് മനുഷ്യാവകാശ ലംഘനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആരാധന സ്വാതന്ത്ര്യത്തോടൊപ്പം സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന രീതിയും മനുഷ്യാവകാശ ലംഘനമാണ്.

നാമജപത്തിനു വന്നവരെ ലാത്തിയുമായി നേരിട്ട രീതിയും മനുഷ്യാവകാശ നിഷേധത്തിന് മകുടോദാഹരണമാണ്. സംസ്ഥാന മനുഷ്യാവകാശ, വനിതാ ബാലാവകാശ കമ്മീഷനുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഭക്തര്‍ക്ക് നീതി നിഷേധിക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശമാണ്. ഈ കൊടിയ മനുഷ്യാവകാശ നിഷേധത്തെ  ഓരോ ഭക്തരും ചെറുത്തു തോല്പ്പിച്ചില്ലെങ്കില്‍  നഷ്ടമാകുന്നത് ഒരു ജനതയുടെ മനുഷ്യാവകാശം മാത്രമല്ല ജനാധിപത്യ മൂല്യങ്ങള്‍ കൂടിയാണ്.

(ചങ്ങനാശേരി എന്‍എസ്എസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് ലേഖകന്‍) 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.