സായുധസേനാ പതാകദിനം

Friday 7 December 2018 3:17 am IST
വീരമൃത്യു വരിച്ച സൈനികരുടെ ആശ്രതര്‍ക്കും യുദ്ധത്തിലും യുദ്ധേതര സാഹചര്യത്തിലും പരിക്കേറ്റ് വ്രണിതഹൃദയരായിക്കഴിയുന്നവര്‍ക്കും സേവനം പൂര്‍ത്തിയാക്കിവരുന്ന വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം സ്വരൂപിക്കുന്നത് സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ നിന്നാണ്.

ഡിസംബര്‍ ഏഴ്. ഇന്ന് സായുധസേനാ പതാകദിനം. കര്‍ത്തവ്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ച ധീര സൈനികരെയും കര്‍ത്തവ്യ നിരതരായി രാഷ്ട്രസേവനം നടത്തുന്ന സൈനികരെയും ജീവിതത്തിന്റെ വസന്തകാലം മുഴുവനും രാഷ്ട്രത്തെ സേവിച്ച വിമുക്ത സൈനികരെയും അവരുടെയൊക്കെ ആശ്രിതരെയും കൃതജ്ഞതാപൂര്‍വം രാജ്യം സ്മരിക്കുന്ന സുദിനമാണിന്ന്. 

വീരമൃത്യു വരിച്ച സൈനികരുടെ ആശ്രതര്‍ക്കും യുദ്ധത്തിലും യുദ്ധേതര സാഹചര്യത്തിലും പരിക്കേറ്റ് വ്രണിതഹൃദയരായിക്കഴിയുന്നവര്‍ക്കും സേവനം പൂര്‍ത്തിയാക്കിവരുന്ന വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം സ്വരൂപിക്കുന്നത് സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ നിന്നാണ്.

സായുധസേനാ പതാക വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഈ ഫണ്ടിന്റെ ഉറവിടം. മുഖ്യമന്ത്രി പ്രസിഡന്റായുള്ള രാജ്യ സൈനിക ബോര്‍ഡും സായുധ സേനാ പതാക കമ്മറ്റിയുമാണ് ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുന്നതും അതിനായി ധനവിനിയോഗം നടത്താന്‍ തീരുമാനമെടുക്കുന്നതും. സൈനികക്ഷേമ ഡയറക്ടറാണ് ഈ രണ്ട് സമിതികളുടെയും മെമ്പര്‍ സെക്രട്ടറി.

എല്ലാ വര്‍ഷവും സായുധസേനാ പതാകദിനമായ ഡിസംബര്‍ 7ന് മുന്‍പായി എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരുമാനങ്ങളെടുക്കും. പതാകദിനമായ ഡിസംബര്‍ 7ന്  രാവിലെതന്നെ പതാക വില്‍പ്പനയുടെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിനുശേഷം എന്‍സിസി കേഡറ്റുകള്‍ പതാക വില്‍പ്പനയ്ക്കും ഹുണ്ടി ബോക്‌സില്‍ പണം സ്വരൂപിക്കുന്നതിനുമായി സമൂഹമധ്യത്തില്‍ ഇറങ്ങും. സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ പോയി അവര്‍ സംഭാവന സ്വരൂപിക്കും.

ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ വഴിയും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് എന്‍സിസി കേഡറ്റുകള്‍ ഈ രീതിയില്‍ സംഭാവന സ്വരൂപിക്കുന്നുണ്ട്. സൈനിക ക്ഷേമ ഓഫീസുകളില്‍നിന്ന് പതാകകള്‍ തപാല്‍വഴി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ സ്ഥാപനങ്ങളിലും പതാകകള്‍ വില്‍പ്പനയ്ക്കായി നേരിട്ടയച്ച് പണം സ്വരൂപിക്കും. ഈ പ്രക്രിയ ആറുമാസത്തോളം നീണ്ടുനില്‍ക്കും. ടോക്കണ്‍ പതാകയ്ക്ക് 10 രൂപയും കാര്‍ പതാകയ്ക്ക് 20 രൂപയുമാണ് വില. ഏറ്റവും കൂടുതല്‍ പണം സ്വരൂപിക്കുന്ന ജില്ലയ്ക്കും എന്‍സിസി ബറ്റാലിയനും സ്‌കൂളിനും പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പതാക വില്‍പ്പനയിലൂടെയും സംഭാവനകളിലൂടെയും സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ ലഭിക്കുന്ന പണത്തില്‍നിന്നും സൈനികരുടെ ആശ്രിതര്‍ക്കും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിവിധയിനം സാമ്പത്തിക സഹായം ചെയ്തുവരുന്നു. നിര്‍ധനരായ വിമുക്തഭടന്മാര്‍ക്കുള്ള അടിയന്തര സാമ്പത്തിക സഹായം, അവരുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിവാഹ ഗ്രാന്റ്, വിധവകള്‍ക്ക് സ്വയം തൊഴിലിനായി നല്‍കുന്ന തയ്യല്‍മെഷീനുകള്‍, ക്യാന്‍സര്‍ ചികിത്സാ ഗ്രാന്റ്, വിമുക്തഭടന്മാര്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ പരിശീലനം കമ്പ്യൂട്ടര്‍ പരിശീലനം, ചികിത്സാ സഹായം, വിമുക്തഭടന്‍ മരണപ്പെട്ടാല്‍ നല്‍കുന്ന മരണാനന്തര ധനസഹായം, മക്കള്‍ക്ക് വിവിധയിനം മത്സരപ്പരീക്ഷകളെഴുതാന്‍ വേണ്ടി നല്‍കുന്ന കോച്ചിംഗ് ക്ലാസ് തുടങ്ങി മുപ്പതോളം സഹായധന പദ്ധതികള്‍ അക്കൂട്ടത്തില്‍പ്പെടും.

ജില്ലാ കളക്ടര്‍മാര്‍ പ്രസിഡന്റായി ജില്ലാ സൈനിക ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലുള്ള ക്ഷേമ പുനരധിവാസ പദ്ധതികള്‍ അവിടെയും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സായുധ സേനാപതാകകള്‍ വിറ്റ് പണം സ്വരൂപിക്കുന്നതില്‍ ജില്ലാ സൈനിക ബോര്‍ഡ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ സൈനിക ബോര്‍ഡുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ധാരാളം ക്ഷേമ പുനരധിവാസ പദ്ധതികളുമുണ്ട്. ഇതിനായുള്ള പണം സ്റ്റേറ്റ് മിലിട്ടറി  ബനവലന്റ് ഫണ്ടില്‍നിന്നും ജില്ലകള്‍ക്ക് നല്‍കുന്നു. യുദ്ധം വരുമ്പോള്‍ സൈനികരെ ഓര്‍ക്കുകയും യുദ്ധം ഇല്ലാതിരിക്കുമ്പോള്‍ അവരെ വിസ്മരിക്കുകയും ചെയ്യുന്ന സാമൂഹ്യ രീതിയാണ് നമുക്കുള്ളത്. ആഭ്യന്തര കലാപങ്ങള്‍ അടിച്ചൊതുക്കല്‍, തീവ്രവാദികളെ അമര്‍ച്ച ചെയ്യല്‍ തുടങ്ങിയ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തികളില്‍ സൈന്യം സദാ ജാഗരൂകരാണ്. ഭൂകമ്പം, പ്രളയ ദുരന്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം മുന്‍നിരയിലുണ്ടാകും. 

സായുധ സേനാ പതാകകള്‍ വാങ്ങിയും സംഭാവനകള്‍ നല്‍കിയും സായുധസേനാ പതാകനിധി വിപുലീകരിക്കാന്‍ നാം തയ്യാറാകണം. സൈനികരുടെ ആശ്രിതര്‍ക്കും വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നല്‍കുന്ന ക്ഷേമ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അവരോടുള്ള കടമ നമുക്കങ്ങനെ നിറവേറ്റാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.