പിജിക്ക്‌ വിട നല്‍കി

Friday 23 November 2012 10:59 pm IST

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികനും പണ്ഡിതനുമായ പി.ഗോവിന്ദപിള്ള(87)യ്ക്ക്‌ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട്‌ ശാന്തികവാടത്തില്‍ ഇന്നലെ വൈകിട്ട്‌ സംസ്കരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധിപേര്‍ പീജിക്ക്‌ അന്തിമോപചാരമര്‍പ്പിച്ചു.
കേരളം കണ്ട ഏറ്റവും വലിയ പുസ്തക പ്രേമികളില്‍ ഒരാളും എഴുത്തുകാരനുമായിരുന്ന പിജിയുടെ നിര്യാണം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു. എതാനും നാളായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിതന്നെ മരണവാര്‍ത്തയറിഞ്ഞ്‌ നിരവധി പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും പിജിയുടെ വീട്ടിലും ആശുപത്രിക്കുമുന്നിലും തടിച്ചുകൂടിയിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 11 മണി വരെ വസതിയില്‍ വച്ച ശേഷം 12 വരെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നു 12 മുതല്‍ നാലുമണിവരെ വിജെടി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമായിരുന്നു സംസ്കാരം.
ഉയര്‍ന്ന സൈദ്ധാന്തികതലത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനോടൊപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിനു മുദ്രാവാക്യങ്ങളോടെയാണ്‌ തലസ്ഥാനം വിടനല്‍കിയത്‌.
സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാനകമ്മറ്റിയംഗം എം.വിജയകുമാര്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‌ പിജിയുടെ മൃതദേഹത്തില്‍ പാര്‍ട്ടിപതാക പുതപ്പിച്ചു. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍, പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌.രാമചന്ദ്രന്‍പിള്ള, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍, സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ്‌.ശിവകുമാര്‍, സിപിഐ കേന്ദ്രകമ്മറ്റിയംഗം പി.കെ.ശ്രീമതി, വി.എം.സുധീരന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ നേതാക്കള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റുമായ പി.പരമേശ്വരന്‍, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍, സെക്രട്ടറി സി.ശിവന്‍കുട്ടി എന്നിവരും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ജന്മഭൂമിയ്ക്കു വേണ്ടി ചെയര്‍മാനും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍, ജന്മഭൂമി റസിഡന്റ്‌ എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, യൂണിറ്റ്‌ മാനേജര്‍ പ്രസാദ്‌ ബാബു എന്നിവര്‍ പീജിയുടെ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ദീര്‍ഘകാലം പിജിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന എകെജിസെന്ററിലെ ഹാളില്‍ അദ്ദേഹത്തിന്‌ ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖ സിപിഎം നേതാക്കള്‍ എത്തിയിരുന്നു എകെജി സെന്ററില്‍ പിജിയുടെ കൊച്ചുമുറിക്കുസമീപമുള്ള ഹാളിലായിരുന്നു പൊതുദര്‍ശനം. നിരവധി പ്രവര്‍ത്തകരും നേതാക്കളും പിജിക്ക്‌ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എകെജി സെന്ററിലെത്തി. പിന്നീട്‌ വിജെടിഹാളിലെത്തിച്ച മൃതദേഹം നാലുമണിയോടെ വിലാപയാത്രയായി തൈക്കാട്‌ ശാന്തികവാടത്തില്‍ എത്തിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന്‌ സംസ്ഥാന പൊലീസ്സേന കേരളത്തിന്റെ സൈദ്ധാന്തികാചാര്യനു അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട്‌ ശാന്തികവാടത്തില്‍ ജ്വലിച്ച അഗ്നി അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.
കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വിലപ്പെട്ട സംഭാവനകള്‍ പി.ഗോവിന്ദപ്പിള്ള നല്‍കി. വായനയുടെയും പുതിയ അറിവുകളുടെയും ലോകത്ത്‌ അന്ത്യം വരെയും അദ്ദേഹം മുഴുകി. അതിലൂടെ ലഭ്യമായ വിവരങ്ങള്‍ പ്രസ്ഥാനത്തിനും സമൂഹത്തിനും പകര്‍ന്നു നല്‍കി. ഇ.എം.എസിന്റെ വേര്‍പാടിനുശേഷം ഇടതു സൈദ്ധാന്തികമേഖലയിലെ വിടവ്‌ പി.ജിയാണ്‌ നികത്തിയത്‌. എം.എന്‍.ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തകരാണ്‌.
സിപിഎം നേതാവും നേമം എംഎല്‍എയുമായ വി. ശിവന്‍കുട്ടി മരുമകനാണ്‌. ജയശ്രീ (ഐഎസ്‌ആര്‍ഒ) മരുമകളും. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച പിജി അസാമാന്യജ്ഞാനിയും കേരളത്തിലെ ഏറ്റവും വലിയ വായനക്കാരനെന്ന വിശേഷണത്തിനുടമയായ വ്യക്തിയുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി അദ്ദേഹത്തിന്‌ സ്വന്തമായിരുന്നു.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച്‌ 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ്‌ ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്‌, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം.
പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന്‌ നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 'മാര്‍ക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന്‌ 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റുകാരനായി ജീവിക്കുമ്പോഴും പാര്‍ട്ടി ആശയങ്ങളോടുള്ള പൊരുത്തക്കേട്‌ പലതവണ അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.