ഒറ്റയാള്‍ പട്ടാളം

Friday 7 December 2018 3:58 am IST

അഡ്‌ലെയ്ഡ്: ശതകത്തിലേക്ക് പൊരുതിക്കയറിയ ചേതേശ്വര്‍ പൂജാരയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇന്ത്യ തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഭേദപ്പെട്ട നിലയിലേക്ക്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എടുത്തിട്ടുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേതടക്കം അഞ്ചു മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി വന്‍ തകര്‍ച്ചയിലേക്ക് ആണ്ടുപോയ ഇന്ത്യയെ പൂജരയുടെ ബാറ്റാണ് കരകയറ്റിയത്. 246 പന്ത് നേരിട്ട പൂജാര ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 123 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. പൂജാരയുടെ പതിനാറാം ടെസ്റ്റ് സെഞ്ചുറിയാണിത്. കൡയവസാനിക്കാന്‍ രണ്ട് ഓവര്‍ ശേഷിക്കെ പൂജാര റണ്‍ ഔട്ടാകുകയായിരുന്നു. പത്താമനായ മുഹമ്മദ് ഷമി ആറു റണ്‍സുമായി ക്രീസിലുണ്ട്. 

ആറാം സ്ഥാനത്ത് പരീക്ഷിക്കപ്പെട്ട രോഹിത് ശര്‍മ മോശമായില്ല. 61 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടി. വാലറ്റനിരക്കാരായ ഋഷഭ് പന്തും ആര്‍. അശ്വിനും 25 റണ്‍സ് വീതമെടുത്തു. 

മികവ് കാട്ടാമെന്ന ശുഭപ്രതീക്ഷയുമായി ടോസ് നേടി ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. മോശം ഫോം തുടരുന്ന ഓപ്പണര്‍ രാഹുലാണ് ആദ്യം വീണത്്. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ബാറ്റ്‌വെച്ച രാഹുലല്‍ ഫിഞ്ചിന്റെ കൈക്കുളളില്‍ ഒതുങ്ങി. കേവലം രണ്ട് റണ്‍സാണ് ഈ ഓപ്പണറുടെ സമ്പാദ്യം. രാഹുല്‍ കളം വിടുമ്പോള്‍ ഇന്ത്യന്‍സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രം. 

ഇതര ഓപ്പണറായ മുരളി വിജയും പൊരുതാതെ കീഴടങ്ങി. സ്റ്റാര്‍ക്കിനാണ് വിക്കറ്റ്്. മുരളിയുടെ നേട്ടം പതിനൊന്ന് റണ്‍സ്. വിജയ് മടങ്ങുമ്പോള്‍ ഇന്ത്യ രണ്ടിന് 15. നാല് റണ്‍സു കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് നായകന്‍ കോഹ് ലിയും വീണു. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചുവരുന്ന കോഹ് ലിയെ കുമിന്‍സിന്റെ പന്തില്‍ ഖ്വാജ മിന്നും ക്യാച്ചില്‍ പുറത്താക്കി. പതിനാറ് പന്തില്‍ മൂന്ന് റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

രഹാനെയക്കും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സ് നേടിയ രഹാനെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിന് പിടികൊടുത്തു. ചെറുത്ത് നിന്ന ശര്‍മയും പുറത്തായതോടെ ഇന്ത്യ അഞ്ചിന് 86. പിന്നീട് പൂജാരയുടെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഋഷഭ് പന്തും ആര്‍. അശ്വിനും പിന്തുണ നല്‍കിയതോടെ ഇന്ത്യ ഇരുനൂറിനപ്പുറം കടന്നു.

ഓസ്‌ട്രേിലയയുടെ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, പി.ജെ.കുമിന്‍സ്, ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡ്

കെ.എല്‍. രാഹുല്‍ സി ഫിഞ്ച് ബി ഹെയ്‌സല്‍വുഡ് 2, എം.വിജയ് സി പെയ്ന്‍ ബി സ്റ്റാര്‍ക്ക് 11, സി.എ.പൂജാര റണ്‍ഔട്ട്് 123, വി.കോഹ് ലി സി ഖ്വാജ ബി കുമിന്‍സ് 3, എ.എം.രഹാനെ സി ഹാന്‍ഡ്്‌സ്‌കോമ്പ്  ബി ഹെയ്‌സല്‍വുഡ് 13, ആര്‍.ജി ശര്‍മ സി ഹാരിസ് ബി ലിയോണ്‍ 37, ആര്‍.ആര്‍. പന്ത് സി പെയ്ന്‍ ബി ലിയോണ്‍ 25, ആര്‍. അശ്വിന്‍ സി ഹാന്‍ഡ്‌സ്‌കോമ്പ് ബി കുമിന്‍സ് 25, ഐ. ശര്‍മ ബി സ്റ്റാര്‍ക്ക് 4, മുഹമ്മദ് ഷമി നോട്ടൗട്ട് 6, എക്‌സ്ട്രാസ് 1, ആകെ ഒമ്പത് വിക്കറ്റിന് 250.

വിക്കറ്റ് വീഴ്ച: 1-3, 2-15, 3-19, 4-41, 5-86, 6-127, 7-189, 8-210, 9-250.

ബൗളിങ്ങ് : എം .എ സ്റ്റാര്‍ക്ക് 19-4-63-2, ഹെയ്‌സല്‍വുഡ് 19.5-3-52-2, പി.കെ. കുമിന്‍സ് 19-3-49-2, എന്‍.എം. ലിയോണ്‍ 28-2-83-2, ടി.എം.ഹീഡ് 2-1-2-0.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.