രഞ്ജി ട്രോഫി: മേല്‍ക്കൈ കൈവിട്ട് കേരളം

Friday 7 December 2018 3:59 am IST

ചെന്നൈ: തിമിഴ്‌നാടിനെതിരായ രഞ്ജിട്രോഫി മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച  ഉജ്ജ്വല തുടക്കം കേരളത്തിന് മുതലാക്കാനായില്ല. കേരളത്തിന്റെ പേസര്‍മാര്‍ തര്‍ത്തെറിഞ്ഞതോടെ തമിഴ്‌നാട് നാലിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. പക്ഷെ പിന്നീട് പൊരുതിക്കയറിയ അവര്‍ ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്, അരങ്ങേറ്റക്കാരന്‍ ഷാരുഖ് ഖാന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 249 റണ്‍സ് എടുത്തു. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഷാരൂഖ് ഖാന്‍ 82 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. ഇന്ദ്രജിത്ത് 87 റണ്‍സിന് കീഴടങ്ങി.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത തമിഴ്‌നാടിനെ തുടക്കത്തില്‍ കേരളം വിറപ്പിച്ചു. മത്സരത്തിന്റെ രണ്ടാം പന്തില്‍ സന്ദീപ് വാര്യര്‍ തമിഴ്‌നാടിന്റെ പരിചയസമ്പന്നനായ അഭിനവ് മുകുന്ദിനെ പൂജ്യത്തിന് വീഴ്ത്തി. ബംഗാളിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ അപരാജിനും (3) പിടിച്ചുനില്‍ക്കാനായില്ല. വാര്യരുടെ മനോഹരമായ പന്തില്‍ അപരാജിത് പുറത്തായി. 

ഇന്ത്യന്‍ ടീമംഗം ദിനേശ് കാര്‍ത്തിക് (4), ഓപ്പണര്‍ കൗശിക് ഗാന്ധി (19) എന്നിവരും പുറത്തായതോടെ തമിഴ്‌നാട് നാലിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്നു.

പിന്നീട് ഇന്ദ്രജിത്തും എന്‍. ജഗദീഷും നടത്തിയ രക്ഷാപ്രവര്‍ത്തനം തമിഴ്‌നാടിനെ കരകയറ്റി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. ആറാം വിക്കറ്റില്‍ ഇന്ദ്രജിത്ത് ഷാരൂഖ് ഖാനൊപ്പം 103 റണ്‍സ് നേടി. ഇന്ദ്രജിത്തിനുശേഷമെത്തിയ മുഹമ്മദ് 25 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. അഭേദ്യമായ ഏഴാം വിക്കറ്റില്‍ ഇവര്‍ 65 റണ്‍സ് നേടിയിട്ടുണ്ട്.

കേരളത്തിന്റെ  പേസര്‍ സന്ദീപ് വാര്യര്‍ 42 റണ്‍സിന് മുന്ന് വിക്കറ്റ് വീഴ്ത്തി.സ്‌കോര്‍: തമിഴ്‌നാട് ആറിന് 249 (ഇന്ദ്രജിത്ത് 87, ഷാരൂഖ് ഖാന്‍ 82 നോട്ടൗട്ട്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.