എല്‍ഡിഎഫിന്റെ മതിലിനൊപ്പമില്ല 30 സംഘടനകള്‍ കൂടി പിന്മാറി

Friday 7 December 2018 6:00 am IST
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വനിതാ മതിലെന്ന ആരോപണം സാമുദായിക സംഘടനകള്‍ക്കുള്ളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് സംഘടനകളുടെ അടിയന്തര യോഗം ചേര്‍ന്നാണ് മതിലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനം എടുത്തത്. വിളക്കിത്തല നായര്‍സമാജം, വിശ്വകര്‍മ സഭ തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ക്ഷണിച്ച പലരെയും ഹാളിനു പുറത്ത് നിര്‍ത്തുകയും ചെയ്തു.

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ എല്‍ഡിഎഫ് നടത്തുന്ന വനിതാ മതിലില്‍ നിന്ന് കൂടുതല്‍ സാമുദായിക സംഘടനകള്‍ പിന്മാറുന്നു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് തങ്ങളെ കബളിപ്പിച്ച് എല്‍ഡിഎഫില്‍ കൂട്ടിക്കെട്ടാനുള്ള നീക്കം മനസ്സിലാക്കിയാണ് സംഘടനകള്‍ പിന്മാറുന്നത്. ബ്രാഹ്മണസഭയും ധീവര സഭയും സമത്വ മുന്നണിയും നേരത്തേ പിന്മാറിയിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന യോഗത്തില്‍ പങ്കെടുത്ത മുപ്പത് സംഘടനകളാണ് ഇന്നലെ തീരുമാനമറിയിച്ചത്. 

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വനിതാ മതിലെന്ന ആരോപണം സാമുദായിക സംഘടനകള്‍ക്കുള്ളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് സംഘടനകളുടെ അടിയന്തര യോഗം ചേര്‍ന്നാണ് മതിലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനം എടുത്തത്.  വിളക്കിത്തല നായര്‍സമാജം, വിശ്വകര്‍മ സഭ തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ക്ഷണിച്ച പലരെയും ഹാളിനു പുറത്ത് നിര്‍ത്തുകയും ചെയ്തു. 

യോഗത്തില്‍ സംവരണ സമുദായ മുന്നണി നേതാക്കള്‍ ഉന്നയിച്ച സാമൂഹ്യ പരിഷ്‌കരണ വിഷയങ്ങളിലൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ന്യൂനപക്ഷ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ  യോഗത്തിലേക്ക് ക്ഷണിക്കാത്തതെന്തന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. 

യോഗ ഹാളില്‍ മുന്നിലിരുന്ന ചില സാമുദായിക സംഘടനാ പ്രതിനിധികളെ, മന്ത്രിമാര്‍ക്ക് ഇരിക്കാനെന്ന വ്യാജേന പിന്നിലാക്കിയശേഷം സര്‍ക്കാരുമായി ആഭിമുഖ്യമുള്ള, ഇതുവരെയും കണ്ടിട്ടില്ലാത്ത സാമുദായിക നേതാക്കളെ മുന്നിലിരുത്തി യോഗം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇടത് സര്‍ക്കാര്‍ സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങളെ അട്ടിമറിക്കുകയാണെന്നും അവര്‍തന്നെ നവോത്ഥാനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കാപട്യമാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. 

ഇതിനിടെ മന്ത്രിസഭാ തീരുമാന പ്രകാരം കളക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ച് മതിലിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓരോ ജില്ലയിലും ഓരോ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നതിനാല്‍ കളക്ടര്‍മാരാണ് മുഖ്യ സംഘാടകര്‍. മതിലിന്റെ സംസ്ഥാന സംഘാടക സമിതി ഓഫീസിന്റെയും ലോഗോയുടെയും ഉദ്ഘാടനം മന്ത്രി ബാലന്‍ നിര്‍വഹിച്ചു. പട്ടികജാതി വികസന ഓഫീസിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.