അവഗണനയില്‍ നശിക്കുന്ന കൂട്ടിക്കല്‍ തപാല്‍ ഓഫീസ്‌

Sunday 19 June 2011 11:22 am IST

മുണ്ടക്കയം: അധികാരികളുടെ അവഗണനയാല്‍ കൂട്ടിക്കല്‍ തപാല്‍ ഓപീസ്‌ കാലപ്പഴക്കത്തില്‍ നശിക്കുന്നു. അഞ്ചു പതിറ്റാണ്ടായി കൂട്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന തപാലാഫിസിന്റെ കെട്ടിടം ഭാഗികമായി തകര്‍ന്നടിഞ്ഞിട്ടും അധികാരികള്‍ മുഖം തിരിക്കുകയാണ്‌. ബലക്ഷയം സംഭവിച്ച ഈ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തുകയാണ്‌ ഇപ്പോള്‍ ഈ കെട്ടിടം. ക്വാര്‍ട്ടേഴ്സായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരുമുറി പൂര്‍ണ്ണമായും നിലം പൊത്തി. രണ്ട്‌ മുറികള്‍ ഭാഗികമായി തകര്‍ന്നു. മുന്‍വശത്തെ ഭിത്തിയും മേല്‍ക്കൂരയും വിള്ളല്‍വീണ്‌ ഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്‌. മഴയത്ത്‌ ചോര്‍ന്നൊലിക്കുന്ന ഈ ഓഫീസില്‍ തപാല്‍ സംബന്ധമായ കാര്യങ്ങള്‍ നശിക്കാതിരിക്കാന്‍ ജീവനക്കാര്‍ പാടുപെടുകയാണ്‌. ഉരുപ്പടികള്‍ പ്ലാസ്റ്റിക്‌ വിരിച്ച്‌ നനയാതെ കാക്കാന്‍ പാടുപെടുകയാണ്‌ ജീവനക്കാര്‍. എന്നിട്ടും സാമഗ്രികള്‍ പലതും നശിച്ച നിലയിലാണ്‌. അധികാരികളും രാഷ്ട്രീയക്കാരും നാടിന്റെ സ്വത്തായ തപാലാഫിസിന്റെ തകര്‍ച്ച കണ്ടില്ലെന്നു നടിക്കുകയാണ്‌. ഒരപുരയ്ക്കല്‍ ഓജി ജോസഫിന്റെ വാടകകെട്ടിടത്തില്‍ 1962-ലാണ്‌ തപാല്‍ കാര്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്‌. അന്നത്തെ വാടക പ്രതിമാസം 40 രൂപയായിരുന്നു. പിന്നീടത്‌ 120 ആയി. 1987-ല്‍ കെട്ടിടം ഉള്‍പ്പെടെ പതിനാറര സെന്റ്‌ സ്ഥലം 1,67,500 രൂപയ്ക്ക്‌ ചങ്ങനാശ്ശേരി പോസ്റ്റര്‍ ഡിവിഷന്‍ വിലക്കൊടുത്തു. ഇന്ന്‌ ഈ ഗ്രാമീണ പോസ്റ്റോഫീസിന്റെ കീഴില്‍ എട്ടു ബ്രാഞ്ച്‌ പോസ്റ്റ്‌ ഓഫീസുകളുണ്ട്‌. രണ്ട്‌ പോസ്റ്റ്‌ മാസ്റ്റര്‍മാര്‍, ഒരു പോസ്റ്റ്മാന്‍, ഒരു ക്ലറിക്കല്‍ ജീവനക്കാരന്‍, ബ്രാഞ്ച്‌ ഓഫീസുകലിലെ മെയില്‍ ഡിവിഷണല്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ കെട്ടിടം അധികാരികല്‍ ശ്രദ്ധിക്കാത്തത്‌ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുകയാണ്‌.