സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല: സനലിന്റെ ഭാര്യ സമരത്തിനൊരുങ്ങുന്നു

Friday 7 December 2018 5:15 pm IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനൊരുങ്ങുന്നു. നെയ്യാറ്റിന്‍ കരയില്‍ ഡിവൈഎസ്പി കാറിനു മുന്നില്‍ തള്ളിയിട്ടുകൊന്നതിനിനെ തുടര്‍ന്ന് ഭാര്യ വിജിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇതൊന്നും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് നീങ്ങുന്നത്. 

മരണത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കുശേഷം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതുവരെ സമരം തുടരുമെന്നും വിജി കൂട്ടിച്ചേര്‍ത്തു. 

വീടു നിര്‍മാണത്തിനായി സനലിന്റെ അച്ഛന്‍ ഗവണ്‍മെന്റ് പ്രസ്സില്‍ ജോലി ചെയ്യുമ്പോള്‍ ഏഴു ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു. പെന്‍ഷന്‍ ആവുന്ന ദിനം അച്ഛന്‍ ആത്മഹത്യ ചെയ്തതോടെ പലിശ കയറി വലിയ തുകയായി. ഇതിന്റെ അടവ് മുടങ്ങാതിരിക്കാന്‍ വെണ്‍പകര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്ന് സനല്‍ 50,000 രൂപയും കടമെടുത്തു. സനല്‍ മരിച്ച് അടവ് വീണ്ടും മുടങ്ങിയതോടെ ജപ്തി ഭീഷണിയുമായി ബാങ്ക് നോട്ടീസും അയച്ചിട്ടുണ്ട്.

സനലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങാതിരിക്കാനാണ് വിജി സര്‍ക്കാരിന്റെ സഹായം തേടുന്നത്. വിജിയും മക്കളും സനലിന്റെ അമ്മയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.