ശ്രീനാരായണ ഗുരുവിനെ 'കുരിശില്‍ തറച്ചവര്‍' നവോത്ഥാന മതില്‍ പണിയുന്നു

Saturday 8 December 2018 1:55 am IST

കണ്ണൂര്‍: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന ശ്രീനാരായണ ഗുരുവിനെ കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ ബാലസംഘം നടത്തിയ ഘോഷയാത്രയില്‍ കുരിശില്‍ തറച്ച് പ്ലോട്ട് അവതരിപ്പിച്ച് അപമാനിച്ച സംഭവവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നവോത്ഥാനം സംരക്ഷിക്കാനെന്നും സ്ത്രീ സമത്വത്തിനു വേണ്ടിയെന്നും അവകാശപ്പെട്ട്  വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗുരുവിനെതിരെ സിപിഎം ചരിത്രത്തില്‍ പല ഘട്ടങ്ങളിലായി അപമാനിച്ച കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുന്നത്.

2015-ല്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഓണാഘോഷ സമാപന പരിപാടിയെന്ന പേരില്‍ അതേ ദിവസം പാര്‍ട്ടി ഗ്രാമമായ കൂവോട്ട് സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുദേവനെ രണ്ടുപേര്‍ ചേര്‍ന്ന് കുരിശില്‍ തറിക്കുന്ന രീതിയിലായിരുന്നു നിശ്ചലദൃശ്യം. ഗുരുദേവനെ അവഹേളിച്ച് നിശ്ചലദൃശ്യം അവതരിപ്പിച്ച സംഭവം കേരളത്തിനകത്തും രാജ്യത്താകമാനവും പ്രതിഷേധത്തിന് കാരണമായിരുന്നു. 

നാരായണ ഗുരുവിനെ ആക്ഷേപിച്ച മറ്റൊരു സംഭവവവും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. തില്ലങ്കേരിക്കടുത്ത പുരളിമാല പെരിങ്ങാവ് പാര്‍ട്ടി ഗ്രാമത്തില്‍ വിവാഹത്തിനായി ഒരുക്കിയ കതിര്‍ മണ്ഡപത്തിനടുത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പടവും അലങ്കരിച്ചുവെച്ച നിലവിളക്കും എടുത്തു മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിയും പ്രവര്‍ത്തകരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഗുരുദേവന്റെ പടം എടുത്തു മാറ്റി വിവാഹം നടത്തേണ്ടി വന്നിരുന്നു. 

നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിനോട് ഹീനമായി പെരുമാറിയ ചരിത്രമുളള പാര്‍ട്ടി മുന്‍കൈയെടുത്ത് സ്ത്രീ സമത്വത്തിനും നവോത്ഥാന സംരക്ഷണത്തിനും മതില്‍ തീര്‍ക്കുന്ന ആഭാസം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.