പ്രളയവും പ്രളയാനന്തരവും; കേരള മോഡല്‍ ഇനി വേണ്ട

Saturday 8 December 2018 1:03 am IST
ടാറ്റായുടേയും ഹാരിസന്റേയും കൈവശഭൂമിയെക്കുറിച്ച് അന്വേഷിച്ച നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടും ഡി. സിജിത്ത് ബാബു റിപ്പോര്‍ട്ടും നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ടും എം.ജി. രാജമാണിക്യം റിപ്പോര്‍ട്ടും, നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം ലിമിറ്റഡും ടാറ്റയും മറ്റ് കയ്യേറ്റക്കാരും കൂടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണമെന്ന പേരിലുള്ള സര്‍ക്കാര്‍ നയപരിപാടികളെല്ലാം കേരളം പിന്‍തുടര്‍ന്നുവരുന്ന കേരളാ മോഡല്‍ വികസനത്തിന്റെ തുടര്‍ച്ചയാകുകയാണ്. ഇത് അപകടത്തിലേയ്ക്കുള്ള പോക്കാണ്. കേരള മോഡലിലൂടെ ടൂറിസ്റ്റ് മണിമാളികകളും റിസോര്‍ട്ട് നിര്‍മ്മാണവും ഫ്‌ളാറ്റ് നിര്‍മ്മാണവും വീട് നിര്‍മ്മാണവും ക്രമാതീതമായി പെരുകി. ഇതിനെല്ലാം നെല്‍വയലുകളും നീര്‍ത്തടങ്ങളും കുളങ്ങളും കുന്നുകളും നികത്തി. ക്വാറികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു. വനനശീകരണവും മലഇടിക്കലും അണക്കെട്ട് നിര്‍മ്മാണവും തുടങ്ങി. ഇതെല്ലാം പരിസ്ഥിതി വിനാശത്തിലേക്കുള്ള വഴികളായിരുന്നു.

ഈ വഴി കൂടുതല്‍ സുഗമമാക്കിയത് മലയാളികളുടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സമ്പാദ്യംകൊണ്ടും പാശ്ചാത്യ-ഗള്‍ഫ് മേഖലകളിലെ മതശക്തികളുടെ പണംകൊണ്ടുമായിരുന്നു. ഇവരുടെ പണംകൊണ്ട് കേരളത്തില്‍ ഒരു പുത്തന്‍ ഭൂവുടമവര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുക്കുകമാത്രമല്ല ചെയ്തത്, കച്ചവട-വ്യാപാര-പണമിടപാട്-റിയല്‍ എസ്റ്റേറ്റ് മേഖലകളെ ഇവരുടെയോ, ബിനാമികളുടെയോ നിയന്ത്രണത്തില്‍ എത്തിക്കുകയും ചെയ്തു. ഇതിലൂന്നി വ്യാപാര-ഊഹമേഖലകള്‍ പടര്‍ന്നു പന്തലിച്ചു. ഇവയ്ക്കുവേണ്ടി ഇവര്‍ ഇടതു-വലതു മുന്നണികളുടെ തോളില്‍ കൈയിട്ടുകൊണ്ട് പശ്ചിമഘട്ടം നശീകരണങ്ങള്‍ക്ക് വിധേയമാക്കുകയും വിനാശകരമായൊരു വികസനം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ സൃഷ്ടിയാണ് കേരള മോഡല്‍!

ഇതുവഴി കാര്‍ഷിക-വ്യവസായ മേഖലകളെ തകര്‍ച്ചയിലേക്ക് നയിക്കുകയും പരിസ്ഥിതിയിന്‍മേലുള്ള കടന്നുകയറ്റവും കൊള്ളയും, അനുസ്യൂതം തുടരുകയും ചെയ്തു. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളില്‍മേലുള്ള കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനുകൂടുതല്‍ ഇരകളായിത്തീര്‍ന്നത് വയനാട്ടിലെ ആദിവാസികളാണ്. കേരള മോഡല്‍ പരിഷ്‌ക്കരണം ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ കോളനികളുടെ അന്തരീക്ഷത്തിലേക്കും പുറമ്പോക്കുകളിലെ ചെറ്റക്കൂരകളിലേയ്ക്കും ആട്ടിത്തെളിക്കുകയും ചെയ്തു. ഇതിനു ഭൂപരിഷ്‌ക്കരണമെന്നു പേരിട്ടു. പിന്നീടുണ്ടായ കേരള മോഡലിനെ അധികാര വികേന്ദ്രീകരണമെന്നും ജനകീയാസൂത്രണമെന്നും വിശേഷിപ്പിച്ച് കൊട്ടിഘോഷിച്ചു. ഇതിലൂടെ, മുകള്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അഴിമതി താഴെതട്ടിലേക്കുവരെ പടര്‍ന്നു. ഈ ജനകീയാസൂത്രണം മൂലധനശക്തികളുടെ കല്‍പ്പനകള്‍ക്കും ഇംഗിതത്തിനും അനുസരിച്ചാണ് നടന്നിരുന്നതെന്ന് പിന്നീട് തെളിഞ്ഞു. 

ഇത്തരത്തിലുള്ള വികസനങ്ങള്‍ പരിസ്ഥിതിയിന്‍മേല്‍ ഒരു വിവേചനവുമില്ലാതെ നടത്തിയ ഇടപെടല്‍ നിമിത്തമാണ് 99-ലെ വെള്ളപ്പൊക്കത്തിനു (1924) കാരണമായ മഴയെക്കാള്‍ വളരെ കുറച്ചു മാത്രം പെയ്തിട്ടും കേരളത്തെ അത്യാഹിതത്തിലേക്ക് തള്ളിവിട്ടത്. രൂപയുടെ അളവുകോലുകള്‍ ഉപയോഗിച്ച് നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു അളവുകോലിലുമൊതുങ്ങാത്ത മാനസികാഘാതങ്ങളുടെ മാനം അളക്കാനാവാത്ത വിധം വലുതാണ്. ഇതിനു ഉത്തരവാദികള്‍ കേരളം മാറി മാറി ഭരിച്ച  ഇടതു-വലതു മുന്നണികളാണ്.

കേരള മോഡലിന്റെ മറ്റൊരു മുഖമാണ് ഇരുമുന്നണികളും ടാറ്റായ്ക്കും, ഹാരിസനും അടക്കമുള്ള വന്‍ ഭൂമികയ്യേറ്റ മാഫിയകള്‍ക്ക് കുടപിടിക്കുകയും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ തോറ്റുകൊടുക്കാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തത്. ഇവരുടെ കൈവശഭൂമിയെക്കുറിച്ച് അന്വേഷിച്ച നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടും ഡി.സിജിത്ത് ബാബു റിപ്പോര്‍ട്ടും നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ടും എം.ജി. രാജമാണിക്യം റിപ്പോര്‍ട്ടും, നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം ലിമിറ്റഡും ടാറ്റയും മറ്റ് കയ്യേറ്റക്കാരും കൂടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലൂന്നി കേസ് വാദിച്ചുകൊണ്ടിരുന്ന സൂശീല ഭട്ടിനെ മാറ്റിക്കൊണ്ട് ടാറ്റയെയും, ഹാരിസണെയും സഹായിക്കുന്ന സര്‍ക്കാര്‍ മനോഭാവം വെളിപ്പെടുത്തി. ഈ കേസുകളില്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ തോറ്റുകൊടുക്കലിന്റെ ദുരന്തം അടിസ്ഥാനപരമായി കൂടുതല്‍ ബാധിച്ചിരിക്കുന്നത് മൂന്നാറിലെ തോട്ടം തൊഴിലാളികളെയാണ്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നെങ്കില്‍ ഈ ഭൂമിയുടെ അവകാശത്തിന്റെ പ്രഥമസ്ഥാനത്തേയ്ക്ക് ഈ തൊഴിലാളികള്‍ പരിഗണിക്കപ്പെടുമായിരുന്നു. ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവന്ന ദേവികുളം സബകളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടറാമിനേയും വി.ആര്‍. പ്രേമകുമാറിനെയും ഭൂമാഫിയകള്‍ക്കുവേണ്ടി രാഷ്ട്രീയലോബികള്‍ സ്ഥലംമാറ്റി.

സര്‍ക്കാര്‍ നയങ്ങളും ഭരണനടപടികളും കയ്യേറ്റ മാഫിയകളുടെയും അവരുടെ ആത്മീയ നേതാക്കളുടെയും ഇടപെടലുകളും ഇവരെല്ലാം ഒത്തൊരുമയോടു പരിസ്ഥിതിയിന്മേല്‍ നടത്തിയ കൊള്ളയുമാണ് മഴയെ പ്രളയദുരന്തമാക്കി മാറ്റിയത്. ഇതിനു കേരളത്തിലെ ക്രൈസ്തവസഭയും ഉത്തരവാദികളാണ്. പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരായി വിചാരണ ചെയ്യപ്പെടേണ്ടവരാണ് ഈ മൂന്നുകൂട്ടരും. അനധികൃത കയ്യേറ്റങ്ങള്‍ക്ക് പള്ളിയും പാര്‍ട്ടിയും മത്സരിച്ച് നേതൃത്വം നല്‍കുകയായിരുന്നു. പള്ളിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ ബിനാമികളുടെ പേരിലും അളവറ്റഭൂമിയും കരിങ്കല്‍ ക്വാറികളുമുണ്ട്. കേരളത്തില്‍ 29 ശതമാനം വനഭൂമിയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുമ്പോള്‍ ഇതില്‍ 14 ശതമാനവും കയ്യേറ്റക്കാരുടെ കൈകളിലാണ്. ആദ്യഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനായിരുന്നെങ്കില്‍ പിന്നീടത് പ്രകൃതിയോടുള്ള യുദ്ധപ്രഖ്യാപനമായി. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ എം.കെ.ജിയും ഫാദര്‍ വടക്കനും മലപ്പുറത്തെ കുഞ്ഞാലിയും മുകളില്‍ പറഞ്ഞ പ്രതികളുടെ പട്ടികയില്‍ പെടുന്നവരാണെന്ന് കാണാം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇപ്പോള്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം തിരിച്ചറിയുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല മേഖലകളെന്ന് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും, വനനശീകരണവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവുമധികം സമരം നടന്ന തിരുവമ്പാടി, കട്ടിപ്പാറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. 

കയ്യേറ്റ മാഫിയകളും മതനേതാക്കളും ഇടതുപക്ഷവുമായി ഉണ്ടാക്കിയ ബാന്ധവത്തിലൂടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പടനയിച്ച സമരനായകനെ ലോകസഭയിലേയ്ക്ക് ഇടതുപക്ഷം ജയിപ്പിച്ചെടുത്തത്. അപകടകരമായ ഈ കൂട്ടുകെട്ട് ഗാഡ്ഗിനെതിരെ തെരുവിലിറങ്ങി. രാഷ്ട്രീയക്കാരുടെ നിലനില്‍പ്പിനായുള്ള നിര്‍മ്മാണവും ഖനനവും പാടില്ലെന്നു പറഞ്ഞ ഗാഡ്ഗിലിനെ ഇവര്‍ ജനങ്ങളുടെ ശത്രുവാക്കി. ഇവരെക്കൊണ്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസും, സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. താമരശ്ശേരി ബിഷപ്പ് കേരളം കാശ്മീരാക്കുമെന്നും ജാലിയന്‍ വാലാ ബാഗ് ആക്കുമെന്നും വിളിച്ചു പറഞ്ഞു. കര്‍ഷകന്റെ മാഗ്നാകാര്‍ട്ടയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് പറയാന്‍ ധൈര്യം കാട്ടിയ പി.ടി. തോമസിനു കോണ്‍ഗ്രസ്സ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചു. മതപുരോഹിതര്‍ പി.ടി. തോമസിനെ പ്രതീകാത്മകമായി അന്തിമകര്‍മ്മങ്ങള്‍ നടത്തി. മലച്ചെരുവില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ നിര്‍മ്മിച്ച പി.വി. അന്‍വറിന് സിപിഎം സീറ്റു നല്‍കി. എംഎല്‍എയാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ക്രിസ്റ്റഫര്‍ പടനയിച്ച ജോയ്‌സ് ജോര്‍ജ്ജിനെ അവര്‍ എംപിയാക്കി. ഈ എംപികോട്ടക്കമ്പൂര്‍ ഭൂമികയ്യേറ്റത്തില്‍ പ്രതിക്കൂട്ടിലാണ്. സഹോദരന്റെ ഭൂമികയ്യേറ്റ വിവാദത്തില്‍ കുടുങ്ങി നില്‍ക്കുന്നു മന്ത്രി മണി. മൂന്നാറിലെ ഭൂമികയ്യേറ്റങ്ങള്‍ക്ക് ഒത്താശ നല്‍കുന്നു എ. രാജേന്ദ്രന്‍ എംഎല്‍എ.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.