ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകരുടെ നീണ്ടനിര. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകരെ തന്നെയാണ് ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിന് വേണ്ടി കോണ്‍ഗ്രസ് തയാറാക്കിയത്. കൂടുതല്‍ മുതിര്‍ന്ന അഭിഭാഷകരെ മിഷേലിന് വേണ്ടി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അല്‍ജോ കെ.ജോസഫ് അടക്കമുള്ളവരാണ് മിഷേലിന്റെ അഭിഭാഷകര്‍. കോണ്‍ഗ്രസ് നേതാക്കളായ മലയാളികളായ രണ്ട് സുപ്രീംകോടതി അഭിഭാഷകരും മിഷേലിന്റെ കേസിന്റെ ഭാഗമായുണ്ട്. കെപിസിസി അംഗം ചിതറ മധുവിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമായിരുന്ന വിഷ്ണു ശങ്കര്‍, കെഎസ്യു നേതാവായിരുന്ന ശ്രീറാം തുടങ്ങിയവരാണ് അല്ജോയ്ക്കൊപ്പം മിഷേലിന്റെ കേസ് നടത്തിപ്പ് നോക്കുന്നത്. എന്നാല്‍ തികച്ചും പ്രൊഫഷണലായാണ് കേസ് ഏറ്റെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നുമാണ് അഭിഭാഷകരുടെ വാദം.
രാവിലെയും വൈകിട്ടും ഒരു മണിക്കൂര്‍ വീതം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ മിഷേലിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
മിഷേല്‍ ഒരു കുടുംബത്തിന് 18 ലക്ഷം നല്കി
ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേല്‍ ഒരു കുടുംബത്തിന് രണ്ടു തവണയായി 17,66,436.55 രൂപ (22,000 യൂറോ) നല്‍കിയതായി മിലാന് കോടതിയിലെ രേഖകള്‍. മിലാന് കോടതിവിധിയില്‍ ഈ കോഴയുമായി ബന്ധപ്പെട്ട രേഖയെക്കുറിച്ച് പരാമര്‍ശമുണ്ട്.
രണ്ടു മാസം കൊണ്ട് 11,000 യൂറോ വീതം രണ്ടു തവണയായി നല്‍കിയെന്നാണ് രേഖ. നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് ഇത്രയും പണം നല്‍കിയെന്നാണ് മിഷേല്‍ മറ്റൊരു ഇടനിലക്കാരനായ ഗിഡോ ഹാസ്ചെക്കിനയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ ഏത് കുടുംബം എന്ന് വ്യക്തമാക്കുന്നില്ല. രേഖയില്‍ എപി എന്നുണ്ട്. ഇത് അഹമ്മദ് പട്ടേല്‍ ആണെന്നാണ് സൂചന.
ചോദ്യം ചെയ്യലില്‍ ഇത് ഏതു കുടുംബമാണെന്ന് കണ്ടെത്തുമെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: