രചനാമികവ് അളക്കാന്‍ 'കോപ്പിയടിച്ച' ദീപ

Saturday 8 December 2018 12:15 pm IST
ഉപന്യാസ രചനയുടെ വിധികര്‍ത്താവാണ് ഇവര്‍
" രചനാ മത്സരത്തിന് വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘാടകരുടെ സംരക്ഷണയില്‍ പുറത്തേക്ക് കൊണ്ടുവരുന്നു"

ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥികളുടെ രചനാ മികവ് വിലയിരുത്താന്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ചത് കവിത കട്ടെടുത്ത് സ്വന്തമാക്കിയ കോളേജ് അധ്യാപിക ദീപാ നിശാന്തിനെ. ഇതേച്ചൊല്ലിയുയര്‍ന്ന വിവാദവും പ്രതിഷേധവും മേളയുടെ മാറ്റു കെടുത്തി. കനത്ത പ്രതിഷേധമുയര്‍ന്നതോടെ മൂല്യനിര്‍ണയം കഴിഞ്ഞ് ദീപയെ പോലീസ് കാവലിലാണ് പുറത്തെത്തിച്ചത്. ദീപയെ വിധികര്‍ത്താവാക്കിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തിയത് സര്‍ക്കാരിനു തന്നെ നാണക്കേടായി. 

യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച് ദീപ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. ഇവര്‍ വിധികര്‍ത്താവായി എത്തുന്നതിനെതിരെ വേദിക്കു മുന്നില്‍ എബിവിപിയും കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമുയര്‍ത്തി. രചനാ മത്സരങ്ങളുടെ വേദിയായ സഹകരണ ബാങ്ക് ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കം ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

30-ാം നമ്പര്‍ വേദിയായ എല്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ വേദിയായി നിശ്ചയിച്ചത്. ദീപയെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വേദി രഹസ്യമായി സഹകരണബാങ്ക് ഹാളിലേക്ക് മാറ്റി. അതേസമയം, ദീപയെ വിധികര്‍ത്താവായി നിയോഗിച്ചത് വിദ്യാഭ്യാസ വകുപ്പ് ന്യായീകരിച്ചു. വിവാദമുയരുന്നതിനു മുന്‍പാണ് വിധികര്‍ത്താവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് അവരുടെ ന്യായം. 

ഇക്കാര്യത്തില്‍ സംഘാടകസമിതിക്ക് പങ്കില്ലെന്നും മറുപടി പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നുമായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ജി. സുധാകരന്റെ അഭിപ്രായം. സിപിഎമ്മിലെ മറ്റു ചില മന്ത്രിമാരുടെ സമ്മര്‍ദമാണ് ദീപയെ വിധികര്‍ത്താവാക്കിയതെന്നാണ് വിവരം. അതിനിടെ, രേഖാമൂലം പരാതി ലഭിച്ചാല്‍ ദീപ വിധികര്‍ത്താവായ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.