മാനന്തവാടി: കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര മൗണ്ടെയ്ന് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ (കേരള എംടിബി) ഇറാന് താരങ്ങള്‍ ജേതാക്കളായി. ഇറാന് ദേശീയ ടീം അംഗവും ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവുമായ ഫറാസ് ഷോക്രി സ്വര്‍ണം നേടി.
ഇറാന്റെ തന്നെ പര്‍വീസ് മര്ദാനിക്കാണ് വെള്ളി. തായ്ലന്ഡ് താരമായ ആദിസാക് തായിലങ്കക്കാണ് വെങ്കലം. 38.4 കിലോമീറ്റര്‍ ദൂരം ഒരുമണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനിട്ടും ഇരുപത്തി ഒന്‍പത് സെക്കന്‍ഡുമെടുത്താണ് (1.43.29) ഫറാസ് പൂര്‍ത്തിയാക്കിയത്. പര്‍വീസ് ഒരുമണിക്കൂറും നാല്പ്പത്തിനാല് മിനിറ്റും 42 സെക്കന്റുമെടുത്തു.
ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തു. പുരുഷന്മാരുടെ ദേശീയതല മത്സരത്തില്‍ കര്‍ണാടകയുടെ കെ കിരണ്‍കുമാര്‍ രാജു സ്വര്‍ണവും ഹിമാചല്‍പ്രദേശ് താരങ്ങളായ ദേവേന്ദര്‍ കുമാര്‍ വെള്ളിയും ഷിവന്‍ വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ പ്രണിത സോമനാണ് സ്വര്‍ണം. കേരള താരങ്ങളായ ലിഡിയ എം. സണ്ണി വെള്ളിയും എ.പി. സായി ശ്രീ വെങ്കലവും നേടി. അന്താരാഷ്ട്ര മത്സരത്തിലെ വിജയിക്ക് ഒന്നേകാല്‍ ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് എണ്‍പതിനായിരവും മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം രൂപയും സമ്മാനം നല്കി.
പുരുഷന്മാരുടെ ദേശീയ മത്സരത്തിലെ വിജയിക്ക് ഒരു ലക്ഷവും രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50000, 25000, 10000 രൂപാ വീതവും സമ്മാനം നല്കി. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും നല്‍കും. മൂന്ന്, നാല് സ്ഥാനം നേടിയവര്‍ക്ക് 20000, 15000 രൂപാ വീതവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: