എംഎല്‍എ ഹോസ്റ്റലിലെ പീഡനം മറച്ച് വനിതാ മതില്‍

Sunday 9 December 2018 10:05 am IST

ഇരിങ്ങാലക്കുട: ശബരിമല യുവതിപ്രവേശനത്തിന്റെ പേരില്‍ വനിതാ മതില്‍ കെട്ടുന്ന സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വനിതകളോടുള്ള സമീപനം പരിഹാസ്യം. നേതാക്കള്‍ പീഡിപ്പിച്ചവരില്‍ സ്വന്തം പാര്‍ട്ടിക്കാരും ധാരാളം. ഡിവൈഎഫ്‌ഐ നേതാവിനെ പി.കെ. ശശി ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത കേരളത്തെ പിടിച്ചുകുലുക്കിയ സമയത്തു തന്നെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനങ്ങളും പുറത്തുവന്നത്. അതും നിയമസഭാ സമാജികര്‍ക്കുള്ള ഹോസ്റ്റലില്‍ വച്ച്. 

 ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റായ യുവതിയെ സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് സെക്രട്ടറി ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച്. ജൂലൈ 11നായിരുന്നു സംഭവം. 

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിനിയെ എന്‍ട്രന്‍സ് കോച്ചിങ്ങിന് സൗജന്യമായി സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ജീവന്‍ലാല്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കടുത്ത ഇടതുപക്ഷ പ്രവര്‍ത്തകയായിരുന്നതിനാല്‍ സഖാവിന്റെ കൂടെ പോകാന്‍ അവര്‍ക്ക് സങ്കോചമുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് വെച്ച് എംഎല്‍എമാരേയും പാര്‍ട്ടി നേതാക്കളേയും പരിചയപ്പെടുത്തിയ ജീവന്‍ലാല്‍ കാര്യങ്ങളൊക്കെ ശരിയായെന്ന് പറഞ്ഞിരുന്നു.

അന്ന് രാത്രി ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ മുറിയില്‍വച്ച് ജീവന്‍ലാല്‍ കയറിപ്പിടിക്കുകയായിരുന്നു. കുതറിമാറിയ യുവതിയെ ജീവന്‍ലാല്‍ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്‌തെങ്കിലും യുവതിയുടെ കടുത്ത ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. നാട്ടിലെത്തി പാര്‍ട്ടി നേതൃത്വത്തിനും ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എം. സ്വരാജിനും യുവതി പരാതി കൊടുത്തെങ്കിലും കുറ്റവാളിക്കൊപ്പം നില്‍ക്കുകയാണ് നേതൃത്വം ചെയ്തത്. 

ജീവന്‍ലാലിനെതിരെ നടപടിയെടുത്താല്‍  പാര്‍ട്ടിക്ക് ദോഷമാവുമെന്നായിരുന്നു നേതാക്കളുടെ മറുപടി. സംഭവം പുറത്തറിഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും ദുര്‍ന്നടപ്പുകാരിയെന്ന് പ്രചരിപ്പിക്കാനുമാണ് സഹപ്രവര്‍ത്തകരായ സഖാക്കള്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായപ്പോള്‍ സപ്തംബര്‍ നാലിന് യുവതി ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് പോലീസ് ജീവന്‍ലാലിനെതിരെ കേസെടുക്കാന്‍ പോലും തയ്യാറായത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജീവന്‍ലാലിനൊപ്പം പലകാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് പോയ പല യുവതികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് യുവതി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെ അഭിമാനത്തേക്കാള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പുരുഷാധിപത്യമുള്ള സിപിഎമ്മിലേക്ക് ഇനിയില്ലെന്നാണ് യുവതി പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.