ലോകകപ്പ് ഹോക്കി; മലേഷ്യയെയും തകര്‍ത്ത് ജര്‍മനി

Monday 10 December 2018 1:04 am IST

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ മലേഷ്യയെയും തകര്‍ത്ത് ജര്‍മനി ഗ്രൂപ്പില്‍ ഒന്നാമതായി ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ജര്‍മനി ലീഡ് നേടി. ടിം ഹെര്‍സ്ബ്രുച്ചാണ് ഗോള്‍ നേടിയത്. പിന്നീട് ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി ജര്‍മനി മലേഷ്യന്‍ വല കുലുക്കി. 14-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റൂഹറാണ് ലക്ഷ്യം കണ്ടത്. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മൂന്ന് മിനിറ്റായപ്പോഴേക്കും റൂഹര്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ ജര്‍മനി 3-0ന് മുന്നില്‍. 

പിന്നീട് ശക്തമായി പൊരുതിയ മലേഷ്യ രണ്ട് മിനിറ്റിനിടെ രണ്ട് തവണ ജര്‍മന്‍ വല കുലുക്കി. 26-ാം മിനിറ്റിലും 28-ാം മിനിറ്റിലും പെനാല്‍റ്റി കോര്‍ണറിലൂടെ റഹീം റെയ്‌സും നൂര്‍ നബിലുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ജര്‍മനി 3-2ന് മുന്നില്‍.

മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം കൂടി നേടി. 39-ാം മിനിറ്റില്‍ മാര്‍കോ ജര്‍മനിക്കായും 42-ാം മിനിറ്റില്‍ മലേഷ്യക്കായി റഹീം റെയ്‌സുമാണ് ലക്ഷ്യം കണ്ടത്. നാലാം ക്വാര്‍ട്ടറില്‍  ജര്‍മനി ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ ടിം ആണ് ഗോള്‍ നേടി ജര്‍മനിയുടെ പട്ടിക പൂര്‍ത്തിയാക്കിയത്. പൂളില്‍ മൂന്ന് കളികളും ജയിച്ചാണ് ജര്‍മ്മനി ഒന്നാമതെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.