ഓസ്‌ട്രേലിയക്ക് വേണ്ടത് 219 റണ്‍സ്; ചരിത്രം ആറ് വിക്കറ്റ് അകലെ

Monday 10 December 2018 1:06 am IST

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയം കൈയെത്തും ദൂരത്ത്. രണ്ടാം ഇന്നിങ്‌സില്‍ 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് തുടങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ് (31), ട്രാവിസ് ഹെഡ് (11) എന്നിവരാണ് ക്രീസില്‍. ഒരു ദിവസം ആറ് വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ക്ക് വിജയിക്കാന്‍ ഇനി 219 റണ്‍സ് വേണം. 

ആരോണ്‍ ഫിഞ്ച് (11), ഹാരിസ് (26), ഉസ്മാന്‍ ഖവാജ (8), ഹാന്‍ഡ്സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്. ഹാരിസിനെയും ഹാന്‍ഡ്‌സ്‌കോംബിനെയും ഷാമിയും മറ്റു രണ്ടുപേരെ അശ്വിനുമാണ് പുറത്താക്കിയത്. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ന് ഓസീസ് താരങ്ങള്‍ എത്രത്തോളം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കും എന്നതാണ് അറിയാനുള്ളത്. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും ആര്‍. അശ്വിനുമാണ് ഓസ്ട്രേലിയയുടെ മുന്‍നിര തകര്‍ത്തത്. 

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ സഹ ഓപ്പണര്‍ ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മ പിടികൂടി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്കോമ്പും മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കി. 

നേരത്തെ മൂന്നിന് 151 എന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ലീഡ് 300 കടത്തിയത്. രോഹിത് ശര്‍മ (1), ഋഷഭ് പന്ത് (28), അശ്വിന്‍ (5), ഇഷാന്ത് ശര്‍മ (0), മുഹമ്മജ് ഷമി (0) എന്നിങ്ങനെയാണ് നാലാം ദിനം പുറത്തായ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.

നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവരെ ലിയോണ്‍ മടക്കി അയച്ചു. നാലാംദിനത്തില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പൂജാര ഷോര്‍ട്ട് ലെഗില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. പൂജാര- രഹാനെ സഖ്യം 87 റണ്‍സാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും ലിയോണ്‍ തന്നെയാണ് വിക്കറ്റ് നേടിയത്. 

പിന്നീടെത്തിയ ഋഷദ് 16 പന്ത് മാത്രം നേരിട്ട താരം 28 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. പന്ത്, ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ആര്‍. അശ്വിനെ (5) നിലയുറപ്പിക്കും മുന്‍പെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ എട്ടാമനായി രഹാനെയും മടങ്ങി. 147 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളുള്‍പ്പെടെയാണ് രഹാനെ 70 റണ്‍സെടുത്തത്. ലിയോണിന് വിക്കറ്റ്. പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു. ഇശാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (0) എന്നിവരെ യഥാക്രമം സ്റ്റാര്‍ക്കും ലിയോണും മടക്കിയയച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.