ശബരിമല വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍; ഭരണഘടനാ ധാര്‍മികത അപകടകരമായ ആയുധം

Monday 10 December 2018 3:10 am IST
രണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തിലും കോടതി ഇടപെട്ടാല്‍ മൂന്നാം സഭയായി സുപ്രീം കോടതി മാറും. ആദ്യ പ്രധാനമന്ത്രി നെഹ്‌റു ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്.

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ''ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞത്. ഭരണഘടനാ ധാര്‍മികത യുവതീ പ്രവേശനം അനുവദിക്കുന്നതായി ഒരു വശത്ത് പറയുന്നു. യുവതികളെ പ്രവേശിപ്പിക്കരുതെന്ന് മറുവശത്ത് പറഞ്ഞതും ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടിയാണ്. ഭരണഘടനാ ധാര്‍മികതയെന്നത് അപകടകരമായ ആയുധമാണ്. എവിടേക്കാണ് പോവുകയെന്ന് ആര്‍ക്കും അറിയില്ല. വലിയ മുറിവുണ്ടാക്കലാകും ഫലം. അതിനാല്‍ ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. നേരത്തെയും ശബരിമല വിധിയെ വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു. 

 ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തിലും കോടതി ഇടപെട്ടാല്‍ മൂന്നാം സഭയായി സുപ്രീം കോടതി മാറും. ആദ്യ പ്രധാനമന്ത്രി നെഹ്‌റു ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. ജനങ്ങള്‍ സ്വന്തമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരും സാക്ഷരതയില്ലാത്തരുമാണെന്നാണോ കോടതി കരുതുന്നത്. എന്താണ് തങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്ന് സാക്ഷരതയില്ലാത്ത 26 ശതമാനത്തിനുപോലും ചിന്തിക്കാന്‍ കഴിയും. അതിനാല്‍  കോടതി ഇടപെട്ടില്ലെങ്കില്‍ രാജ്യം നശിക്കുമെന്ന ചിന്ത നല്ലതല്ല.

ലോകത്ത് മറ്റൊരു ഉന്നത നീതിപീഠത്തിനും ഇല്ലാത്ത തരത്തിലുള്ള അധികാരമാണ് ഇന്ത്യയിലെ സുപ്രീം കോടതി കൈയാളുന്നത്. ഭരണഘടനയുടെ 142ാം വകുപ്പിനെ കോടതി വ്യാഖ്യാനിക്കുന്നത് നിയമത്തിനും അതീതമായാണ്. 

മുന്‍പ് ഭൂപരിഷ്‌കരണം, ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ നിയമങ്ങള്‍ ഭരണഘടനയുടെ കര്‍ശനവും അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെ കോടതി തടഞ്ഞിട്ടുണ്ട്. ഒന്നിനുപുറകെ ഒന്നായി നിയമഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. സുപ്രീം കോടതി വിധികളെ നിര്‍വ്വീര്യമാക്കുകയാണ് നിയമഭേദഗതികളുടെ ഒരേയൊരു ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എം.ഹിദായത്തുള്ള പറഞ്ഞിരുന്നു. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. തന്റെ വ്യക്തിപരമായ നിലപാടാണ് പറയുന്നതെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.