വടക്കുകിഴക്കന്‍ മേഖല കോണ്‍ഗ്രസ് മുക്തം

Wednesday 12 December 2018 1:00 am IST
മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായത്. കൂടാതെ വര്‍ഷങ്ങളായി സിപി‌എം അധികാരത്തിലിരുന്ന ത്രിപുരയും ബിജെപി പിടിച്ചടക്കി.

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവശേഷിച്ച തുരുത്തും നഷ്ടപ്പെട്ട്  കോണ്‍ഗ്രസ്. മിസോറാമിലെ തോല്‍വിയോടെ വടക്കു കിഴക്കന്‍ മേഖലയില്‍നിന്നു തന്നെ പടിയിറങ്ങിയിരിക്കുകയാണ് പാര്‍ട്ടി. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനത്ത് പത്ത് സീറ്റ് പോലുമില്ലാതെയാണ് മടക്കം. ഇവിടെയുള്ള എട്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യ (എന്‍ഇഡിഎ)മാണ് ഭരണത്തില്‍. അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാരും.  ഭീകരതയും വിഘടനവാദവും ചോരപ്പുഴയൊഴുക്കിയ മേഖലയില്‍ ദേശീയതയുടെ തേരോട്ടത്തിനാണ് കാലം സാക്ഷിയാവുന്നത്. 

അഞ്ച് വര്‍ഷത്തിനിടെ അഞ്ച് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്. 2016 ല്‍ അസമിലായിരുന്നു തിരിച്ചടിയുടെ തുടക്കം. മൂന്ന് തവണ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിനെ പുറത്താക്കി ബിജെപി, അസം ഗണ പരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുള്‍പ്പെട്ട സഖ്യം ഭരണത്തിലെത്തി. കോണ്‍ഗ്രസ്സിന്റെ അഴിമതിക്കാരനായ തരുണ്‍ ഗൊഗോയിക്ക് പകരം ബിജെപിയുടെ സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായി. 

 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മണിപ്പൂരിലും കോണ്‍ഗ്രസ് പുറത്തായി. ഇവിടെ ആദ്യമായി 21 സീറ്റ് നേടിയ ബിജെപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ വര്‍ഷം ആദ്യം മേഘാലയയിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ബിജെപി സഖ്യത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുകയും ചെയ്തു.  

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചപ്പോഴും പകരമെത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ല. രണ്ടര വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചു. സിക്കീമില്‍ ബിജെപി സഖ്യത്തിലുള്ള സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടാണ് ഭരണത്തില്‍. 

ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ എഴുതിത്തള്ളിയവരെ അമ്പരപ്പിച്ചാണ് മോദിയും ഷായും അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേഖലയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രധാന കാരണം. കോണ്‍ഗ്രസ്സിന്റെ അഴിമതികളും ജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിച്ചു. ചര്‍ച്ചകളിലൂടെ വിഘടനവാദം അവസാനിപ്പിക്കാനും കേന്ദ്രം നടപടിയെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.