റോഡ് ഗതാഗതത്തിന് തുറന്നു

Tuesday 11 December 2018 3:45 pm IST

 

ചെറുപുഴ: രാജഗിരി ഇടക്കോളനിയില്‍ സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച റോഡ് ഗതാഗതത്തിന് തുറന്നു. കോളനിവാസികള്‍ ആഘോഷമാക്കി മാറ്റിയ ഉദ്ഘാടനച്ചടങ്ങില്‍ ബദരീനാഥ് ക്ഷേത്രം മുന്‍ റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി റോഡ് തുറന്നു കൊടുത്തു. ചെറുതാഴം ശ്രീ രാഘവപുരം സഭായോഗം, നന്മ സേവാ സമാജം എന്നിവയുടെ പ്രവര്‍ത്തകര്‍ കോളനിയിലെത്തി നല്‍കിയ സഹായമാണ് റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാന്‍ കോളനിക്കാര്‍ക്ക് തുണയായത്.

 കാര്യങ്കോട് പുഴയുടെ മറുകരയില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ കോളനിയിലേക്കെത്താന്‍ ആശ്രയമായിരുന്നത് ഒരു മുളപ്പാലമാണ്. പാലം തകര്‍ന്നാല്‍ മറുകരയിലെത്താനാകാതെ ഇവര്‍ ദുരിതത്തിലാകും. കോളനിയിലേക്ക് വാഹനങ്ങള്‍ വന്നെത്തുന്ന ഒരു റോഡും പാലവും ഇവരുടെ സ്വപ്‌നമായിരുന്നു. കോളനിയിലേക്ക് റോഡില്ലാത്തതിന്റെ ദുരിതം കണ്ടറിഞ്ഞ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ റോഡ് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കോളനിയിലുള്ളവരുടെ മനുഷ്യാധ്വാനവും സംഘടനകള്‍ നല്‍കിയ സാമ്പത്തിക സഹായവും കൂട്ടിച്ചേര്‍ത്ത് 135 മീറ്റര്‍ നീളമുള്ള റോഡും കാര്യങ്കോട് പുഴക്ക് കുറുകെ 45 മീറ്റര്‍ നീളത്തില്‍ ചപ്പാത്തും നിര്‍മ്മിക്കുകയായിരുന്നു. നാളിതുവരെ ഒരു വാഹനവും കടന്നുവരാതിരുന്ന കോളനിയിലേക്ക് ഓട്ടോറിക്ഷയിലും ജീപ്പിലും അഥിതികളെ എത്തിച്ചാണ് കോളനി വാസികള്‍ റോഡിന്റെ ഉദ്ഘാടനം നടത്തിയത്. മനുഷ്യാവകാശ ദിനമായ ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മനുഷ്യാവകാശ ദിനാചരണവും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാന്റി കലാധരന്‍ അധ്യക്ഷത വഹിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.