സ്ത്രീ പീഡനക്കേസ് പ്രതി സിപിഎമ്മില്‍ ഇന്നും മാന്യന്‍

Thursday 13 December 2018 6:33 am IST

തൃശൂര്‍: വനിതാ മതില്‍ തീര്‍ക്കാന്‍ സിപിഎമ്മും ഇടതു സര്‍ക്കാരും ഒരുങ്ങുമ്പോള്‍ തീരുന്നില്ല പീഡനപ്പരാതികളും. വനിതകളെ മുന്‍നിര്‍ത്തി പാര്‍ട്ടി  മതില്‍ പണിയുമ്പോള്‍ പാര്‍ട്ടിയിലെ തന്നെ വനിതകള്‍ക്ക് കണ്ണീര്‍ തോരുന്നില്ല. തൃശൂരില്‍ പാര്‍ട്ടി കൗണ്‍സിലര്‍ പാര്‍ട്ടി സഹയാത്രികയെ തന്നെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതി വന്‍ വിവാദമായതാണ്. അന്ന് വലിയ കോലാഹലം ഉയര്‍ന്നെങ്കിലും സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് തന്ത്രത്തില്‍ അത് മുക്കുകയായിരുന്നു. മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും വനിതക്ക് നീതി ലഭിച്ചില്ലെന്നു മാത്രമല്ല കൗണ്‍സിലര്‍ ഇന്നും മാന്യനായി നടക്കുകയാണ്.

ഈ വര്‍ഷം ആരംഭത്തിലാണ് മുനിസിപ്പല്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി ഇടത് സഹയാത്രികയായ വീട്ടമ്മ രംഗത്ത് വന്നത്. 

അത്താണിയില്‍ കുടുംബവുമായി വാടകക്ക് താമസിക്കുകയായിരുന്നു യുവതിയായ വീട്ടമ്മ. കടം വാങ്ങിയ പണം പറഞ്ഞ സമയത്ത് തിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയും അജ്ഞാത സ്ഥലത്ത് വെച്ച് ജയന്തനും മറ്റ് മൂന്ന് പേരും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിവസങ്ങളോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 

പീഡനത്തിനു ശേഷം മാനസികനില തകരാറിലായ വീട്ടമ്മ ഒടുവില്‍ തനിക്കു സംഭവിച്ച ദുരന്തം സിനിമാ മേഖലയിലുള്ള ഭാഗ്യലക്ഷ്മിയെ  അറിയിക്കുകയായിരുന്നു. 

 തുടര്‍ന്ന് ഇവര്‍ യുവതിയുമായി തൃശൂര്‍ പ്രസ് ക്ലബ്ബിലെത്തി വാര്‍ത്താസമ്മേളനത്തിലാണ് പീഡന സംഭവം മാധ്യമങ്ങളെ അറിയിച്ചത്. വീട്ടമ്മയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇവര്‍ കൂടെ ഉണ്ടായിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ സിപിഎം വിധേയത്വം മൂലം കേസ് ദുര്‍ബലപ്പെടുകയായിരുന്നു. പീഡനം സംബന്ധിച്ച് യുവതി നല്‍കിയ കേസില്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. 

പീഡന സംഭവം പുറത്തായതോടെ വീട്ടമ്മയ്ക്ക് നേരെ ഭീഷണികളുണ്ടായി. വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പോലും ഭയന്ന യുവതിയും കുടുംബവും താമസിയാതെ അത്താണിയില്‍ നിന്ന് വീടൊഴിഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ജയന്തനെ തത്കാലത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സിപിഎം നേതൃത്വം നടപടി പിന്‍വലിച്ചു. പീഡന കേസിലെ പ്രതിയായിട്ടും സിപിഎമ്മിന്റെ പൊതുപരിപാടികളിലും മറ്റും ജയന്തന്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്. പോലീസ് കേസെടുക്കുകയോ ജയന്തനെ ചോദ്യം ചെയ്യുകയോ പോലുമുണ്ടായില്ല. 

സിപിഎം ഭീഷണികളെ മറികടന്ന് പ്രതികരിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് വടക്കാഞ്ചേരിയിലെ പീഡനം പുറംലോകമറിഞ്ഞത്. പക്ഷെ ഫലമുണ്ടായില്ലെന്നു മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.