കണ്ണീരു തോരാത്ത കണ്ണൂരിലെ വീടുകള്‍

Thursday 13 December 2018 6:36 am IST

കണ്ണൂര്‍: വനിതാമതില്‍ കെട്ടാന്‍ ഇറങ്ങിപുറപ്പെടുന്നവര്‍ കാണണം കണ്ണൂരിലെ ഈ അമ്മമാരുടെ കണ്ണീര്‍. നിരവധി അമ്മമാരും സഹോദരിമാരും മക്കളുമാണ് മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായ ഉറ്റവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നീറുന്ന വേദനയോടെ കാലങ്ങളായി കഴിയുന്നത്. വനിതാ മതിലിനൊരുങ്ങുന്നവര്‍ തില്ലങ്കേരിയിലെ അമ്മുഅമ്മ എന്ന വയോധികയെ ഓര്‍ക്കുന്നത് നന്ന്. അമ്മുഅമ്മയെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരാള്‍ക്കും മറക്കാനാവാത്ത സംഭവമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ കൊല്ലപ്പെട്ടതും സിപിഎം അക്രമത്തിലായിരുന്നു. അത് കണ്ണൂര്‍ തില്ലങ്കേരിയിലെ അമ്മുഅമ്മയാണ്. ജീപ്പില്‍ സഞ്ചരിക്കവേ യാതൊരു പ്രകോപനവുമില്ലാതെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു അമ്മുഅമ്മയെ.

1969 ഏപ്രില്‍ 28 ന് രാത്രി സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ തയ്യല്‍ത്തൊഴിലാളിയായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ഏറ്റവും ഒടുവില്‍ 2017 മെയ് 12 ന് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ബിജു വരെ. ഇവരുടെ അമ്മമാരുടേയും സഹോദരിമാരുടേയും ഭാര്യമാരുടേയും മക്കളുടേയും ജീവിതത്തിലെ അത്താണി ഇല്ലാതാക്കിയ സിപിഎമ്മുകാര്‍ വനിതാ മതില്‍ കെട്ടാനൊരുങ്ങുന്നതിലെ പരിഹാസ്യത ചര്‍ച്ചയാവുകയാണ്. 

സിപിഎമ്മുകാര്‍ പല ആര്‍എസ്എസ് പ്രവര്‍ത്തകരേയും കൊലപ്പെടുത്തിയത് അമ്മമാരുടേയും ഭാര്യമാരുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മുന്നിലിട്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് അക്രമങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം സംഘപരിവാര്‍ സംഘടനകള്‍ക്ക് നഷ്ടപ്പെട്ടത് 87 പ്രവര്‍ത്തകരെയാണ്. ഇവരുടെ കുടുംബങ്ങളിലെ സ്ത്രീകളെല്ലാം തന്നെ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്ത് ഇപ്പോഴും നിത്യ ദുഃഖത്തിലാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആര്‍എസ്എസ് അനുഭാവിയായി എന്ന ഒറ്റക്കാരണത്താല്‍ തലശ്ശേരിയിലെ ഒരു സ്ത്രീയുടെ ദേഹത്ത് സിപിഎം അക്രമി സംഘം ചുവപ്പ് പെയിന്റടിക്കുകയുമുണ്ടായി. ഇത്തരത്തില്‍ സ്ത്രീ വിരുദ്ധത കൈമുതലാക്കി മുന്നോട്ടു പോകുന്ന പ്രസ്ഥാനവും ഇവര്‍ നയിക്കുന്ന സര്‍ക്കാരും ലിംഗസമത്വത്തിന്റെ പേരില്‍ നടത്താന്‍ പോകുന്ന വനിതാമതിലിന്റെ പൊള്ളത്തരമാണ് പുറത്തു വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.