ഇന്ത്യയെ മെരുക്കാന്‍ തന്ത്രവുമായി ഓസീസ്

Thursday 13 December 2018 4:55 am IST

പെര്‍ത്ത്: അഡ്‌ലെയ്ഡ് ഓവലിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ ടീമിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസ്‌ട്രേലിയ പെര്‍ത്തിലെ വേഗപിച്ചില്‍ അരങ്ങേറുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിക്കാന്‍ പുത്തന്‍ തന്ത്രം മെനയുന്നു. നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ പിച്ചിലെ ആനുകൂല്യം മുതലാക്കി ഇന്ത്യയെ വീഴ്ത്താല്‍ നാലു പേസര്‍മാരുമായി ആതിഥേയര്‍ കളിക്കളത്തിലിറങ്ങും.

ഒത്തിണങ്ങാന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ബാറ്റിങ്ങ്‌നിരയെ നാല് പേസര്‍മാരെ ഇറക്കി വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. പക്ഷെ പൂജാരയെന്ന വന്‍മതിലിനെ തകര്‍ക്കാന്‍ ഈ പേസ് ബാറ്ററിക്ക് കഴിയുമോയെന്ന് കണ്ടറിയണം. ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് കീഴടങ്ങിയ ഓസീസ് രണ്ടാം ടെസ്റ്റില്‍ വിജയം പിടിക്കാനുള്ള തന്ത്രപ്പാടിലാണ്. ഇന്ത്യക്ക് ഒപ്പമെത്തിയാലേ പരമ്പരയില്‍ വിജയപ്രതീക്ഷ നിലനിര്‍ത്താനാകൂ.

അതേസമയം രണ്ടാം ടെസ്റ്റിലും വിജയം നേടി പരമ്പരയില്‍ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ ടെസ്റ്റില്‍ ഓസീസിനെ വീഴത്തിയ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ പേസ്ത്രയം പെര്‍ത്തിലെ വേഗപിച്ചില്‍ ആതിഥേയരെ മെരുക്കും. ആദ്യ ടെസ്റ്റിലെ ഇരുപത് വിക്കറ്റുകളില്‍ പതിനാലും ഈ പേസ് ത്രയമാണ് വീഴ്ത്തിയത്. പെര്‍ത്തിലും ഇവര്‍ വെട്ടിത്തിളങ്ങും.

അഡ്‌ലെയ്ഡിലെ വേഗം കുറഞ്ഞ പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മികവ് കാട്ടാനായില്ല. അതിനാല്‍ പെര്‍ത്തിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം.

ആദ്യ ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഇന്ത്യ കളിത്തിലിറക്കുമെന്നാണ് പ്രതീക്ഷ. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും കളിക്കില്ല. അതിനാല്‍ മുരളി വിജയും കെ.എല്‍. രാഹുലും ഓപ്പണര്‍മാരുടെ റോളിലിറങ്ങും. ആദ്യ ടെസ്റ്റില്‍ ഈ കൂട്ടുകെട്ടിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്നാം നമ്പറിലിറങ്ങിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്ത് വിജയം സമ്മാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.